വനിത യൂറോ കപ്പിൽ ഗ്രൂപ്പ് ബിയിൽ നിന്നു രണ്ടാം സ്ഥാനക്കാരായി സ്പെയിൻ ക്വാർട്ടർ ഫൈനലിൽ. നിർണായക മത്സരത്തിൽ ഡെന്മാർക്കിനെ നേരിട്ട സ്പെയിൻ അവസാന നിമിഷം ആണ് മത്സരത്തിൽ ജയം നേടിയത്. ജയത്തോടെ ഗ്രൂപ്പിൽ ജർമ്മനിക്ക് പിന്നിൽ രണ്ടാം സ്ഥാനക്കാരായി ക്വാർട്ടർ ഫൈനലിൽ എത്തുന്ന സ്പെയിൻ നേരിടുക ഗ്രൂപ്പ് എയിൽ ഒന്നാമത് ആയ ആതിഥേയരും കിരീട പ്രതീക്ഷയിൽ മുന്നിലുള്ള ഇംഗ്ലണ്ടിനെ ആണ്. തീപാറും മത്സരം തന്നെയാവും ക്വാർട്ടർ ഫൈനലിൽ കാത്തിരിക്കുക. മത്സരത്തിൽ ഏതാണ്ട് 75 ശതമാനവും സമയം പന്ത് കൈവശം വച്ച സ്പെയിനിന് എതിരെ പ്രതിരോധത്തിൽ ഊന്നിയ പ്രകടനം ആണ് ഡെന്മാർക്ക് പുറത്ത് എടുത്തത്.
സ്പെയിനിനെ ഗോൾ രഹിത സമനിലയിൽ അവർ തളക്കും എന്നു തോന്നിയ സമയത്ത് ആണ് 90 മത്തെ മിനിറ്റിൽ വിജയഗോൾ പിറന്നത്. പകരക്കാരിയായി ഇറങ്ങിയ റയൽ മാഡ്രിഡ് താരം ഓൽഗ കാർമോണയുടെ ക്രോസിൽ നിന്നു മറ്റൊരു പകരക്കാരിയും റയൽ മാഡ്രിഡ് താരവുമായ മാർത്ത കാർഡോണ ഹെഡറിലൂടെ സ്പാനിഷ് ജയം ഉറപ്പിക്കുക ആയിരുന്നു. യൂറോ കപ്പിൽ ചരിത്രത്തിൽ ഇത് വരെ ക്വാർട്ടർ ഫൈനലിൽ നിന്നു മുന്നേറാൻ സാധിക്കാത്ത സ്പെയിനിന് ഇംഗ്ലണ്ടിൽ നിന്നു വലിയ പരീക്ഷണം തന്നെയാവും നേരിടേണ്ടി വരിക. അടുത്ത ആഴ്ച ബ്രൈറ്റൻ കമ്യൂണിറ്റി സ്റ്റേഡിയത്തിൽ ആണ് സ്പെയിൻ, ഇംഗ്ലണ്ട് പോരാട്ടം നടക്കുക.