അയൽക്കാരായ രാജസ്ഥാനും ഗുജറാത്തും വീണ്ടും നേർക്കുനേർ. മുൻപ് ഏറ്റുമുട്ടിയപ്പോൾ എല്ലാം ജയം ഗുജറാത്തിനായിരിന്നു. അതിന്റെ ധൈര്യം അവർക്ക് ഇന്നുണ്ടാകും. T20യിൽ ജയം അതാത് ദിവസത്തെ കളി അനുസരിച്ചിരിക്കും എന്നു പറയുമെങ്കിലും, കഴിഞ്ഞ ഒരു മാസത്തെ IPL കണ്ട ഭൂരിഭാഗം പേരും ഹാർദിക് കപ്പടിക്കും എന്ന് പറയാനാകും സാധ്യത.
ഇത്തവണ ഗുജറാത്ത് പോലെ ഡൊമിനേറ്റിംഗ് ആയ മറ്റൊരു ടീമിനെ കാണിച്ചു തരാൻ പറ്റില്ല. പുതുമുഖ ടീം ആയിട്ടു കൂടി പഴയ തറവാടികളെ നിഷ്പ്രഭമാക്കുന്ന പ്രകടനമായിരിന്നു അവരുടേത്. ഇതിന് 3 കാരണങ്ങളാണ് ചൂണ്ടി കാണിക്കപ്പെടുന്നത്. ഒന്ന്, അവരുടെ കോച്ചിങ് സ്റ്റാഫ്. മുൻ ഇന്ത്യൻ കോച്ച് ഗാരി കേർസ്റ്റനും, മുൻനിര ഇന്ത്യൻ ബൗളർ ആശിഷ് നെഹ്റയുമാണ് അവരെ നയിക്കുന്നത്. കളിക്കാരെയും, കളിയെയും, കണക്കുകളെയും ഇവരെക്കാൾ അറിയുന്ന ആരും ക്രിക്കറ്റ് ലോകത്തു ഉണ്ടാകാൻ വഴിയില്ല. കൂടാതെ, ഒരു ലൈവ് വയർ ക്യാപ്റ്റനെ, ഒരു പന്തയ കുതിരയെ ഇതു പോലെ നയിക്കാൻ അവർക്ക് സാധിച്ചു എന്നതാണ്. രണ്ടാമത്തെ കാര്യം ടീം സിലക്ഷനാണ്. കളിക്കാരുടെ ലേലത്തിൽ തങ്ങൾക്ക് ചിലവാക്കാൻ അനുവദിച്ചിട്ടുള്ള പണത്തിന്റെ 40%, 3 കളിക്കാരിലാണ് ഗുജറാത്ത് ചിലവഴിച്ചത്, ഹാർദിക്, റഷീദ്, ഗിൽ. ഈ മൂന്ന് പേരും മികച്ച പ്രകടനം കാഴ്ചവച്ചു എന്നു മാത്രമല്ല, മുന്നിൽ നിന്നു നയിക്കുകയും ചെയ്തു. ഇത് മറ്റ് കളിക്കാരിൽ വരുമായിരുന്ന സമ്മർദ്ദം കുറച്ചു. മൂന്നാമത്തേതും അവസനത്തേതുമായ കാരണം ക്യാപ്റ്റൻ ഹാർദിക് തന്നെ. മുകളിൽ പറഞ്ഞ പോലെ മുന്നിൽ നിന്നു നയിക്കുന്ന ക്യാപ്റ്റൻ ഉണ്ടെങ്കിൽ ടീമിന്റെ പകുതി പ്രശ്നങ്ങൾ തീർന്നു. കൂടാതെ ഒരൊറ്റ സീസണ് കൊണ്ട് തന്നെ ഒരു നല്ല ക്യാപ്റ്റൻ എന്ന ഖ്യാതി ഹാർദിക് നേടി കഴിഞ്ഞു.
ഇതേ സമയം സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസിനും ഉണ്ട് പൊസിറ്റീവ്സ്. അവരുടെ ടീം സിലക്ഷനിൽ, പ്ലേയിങ് ഇലവൻ ഫോക്കസ് ചെയ്താണ് കളിക്കാരെ തിരഞ്ഞെടുത്തത്. റീറ്റെയിൻ ചെയ്ത മൂന്ന് കളിക്കാരും, യശസ്വിയും, സഞ്ജുവും, ജോസും, മെച്ചപ്പെട്ട കളി പുറത്തെടുത്തു. സംഗക്കാരെയെ പോലെ ഒരു കൂൾ ഹെഡഡ് ജന്റിൽമൻ കോച്ച് വന്നതും അനുഗ്രഹമായി. ഒന്നിൽ കൂടുതൽ കളിക്കാർ ഒരുമിച്ചു ക്ലിക്ക് ആയില്ല എന്ന കുറവാണ് അവർ പോയിന്റ് പട്ടികയിൽ രണ്ടാമതായി വരാൻ കാരണം. ഗ്രൗണ്ടിൽ ഒരു നല്ല ക്യാപ്റ്റൻ ആയി പെരുമാറിയെങ്കിലും, കൂറ്റൻ സ്കോറുകൾ നേടാനുള്ള സഞ്ജുവിന്റെ മടി അവർക്ക് ഒരു പ്രശ്നമായി.
ഒരു ടീം എന്ന നിലയിൽ ഒന്നിച്ചു ക്ലിക്ക് ആകുന്ന കാര്യത്തിൽ ഗുജറാത്ത് തന്നെ മുന്നിൽ. മൂന്നോ നാലോ ബാറ്റേഴ്സ് ഒരേ സമയം 30 റണ്സിൽ കൂടുതൽ നേടുന്നത്, ബട്ട്ളരുടെ ഒരു കൂറ്റൻ സ്കോറിനെക്കാൾ ഗുണമാകാറുണ്ട്. ബോളർമാരുടെ ലൈൻഅപ്പിൽ രാജസ്ഥാൻ ആണ് ഭേദം എങ്കിലും ഒന്നിച്ചു മെച്ചപ്പെട്ട പ്രകടനം അവർ കാഴ്ചവയ്ക്കണം.
പറഞ്ഞു വരുന്നത്, ഇന്നത്തെ ഫൈനലിൽ ഒരു പണത്തൂക്കം മുന്നിൽ ഗുജറാത്ത് തന്നെ. പക്ഷെ നമ്മൾ കാത്തിരുന്ന സഞ്ജുവിന്റെ ക്യാപ്റ്റൻസ് ഇന്നിംഗ്സ് ഇന്നാണെങ്കിലോ?
ഏതാണ്ട് ഒരേ പ്രായമുള്ള രണ്ട് യുവ ക്യാപ്റ്റൻമാർ നയിക്കുന്ന ടീമുകൾ അഹമ്മദാബാദിലെ ഈ കൂറ്റൻ സ്റ്റേഡിയത്തിൽ മുഖത്തോടുമുഖം വരുമ്പോൾ, ആരാദ്യം കണ്ണ് ചിമ്മും എന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം. നിങ്ങളിൽ ഗുജറാത്തിനും രാജസ്ഥാനും വേണ്ടി വാദിക്കുന്നവരോട് ഒന്നു മാത്രമേ പറയാനുള്ളൂ, നിങ്ങളുടെ വിശ്വാസം കപ്പടിക്കട്ടെ!