- എ.എഫ്.സി കപ്പ് ഗോകുലം കേരള ഇന്ന് രണ്ടാം മത്സരത്തിനിറങ്ങും
- എതിരാളി മാൽഡീവ്സ് ക്ലബ് മസിയ
കൊൽക്കത്ത: എ.എഫ്.സി കപ്പിൽ ജയം തുടരാൻ മലബാറിയൻ ഇന്ന് രണ്ടാം മത്സരത്തിനിറങ്ങുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിൽ ഗോകുലം കേരള ഇന്ന് മാൽഡീവ്സ് ക്ലബായ മസിയയെയാണ് നേരിടുന്നത്. 4-2 എന്ന സ്കോറിന് ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഐ.എസ്.എൽ ക്ലബായ എ.ടി.കെ മോഹൻ ബഗാനെ പരാജയപ്പെടുത്തിയ മലബാറിയൻസ് വലിയ ആത്മവിശ്വാസത്തിലാണ്. ആദ്യ മത്സരത്തിൽ തോൽവി നേരിട്ടാണ് മസിയ രണ്ടാം മത്സരത്തിനെത്തുന്നത്. ആദ്യ മത്സരത്തിൽ ബംഗ്ലാദേശ് ക്ലബായ ബസുന്ധര കിങ്സായിരുന്നു മസിയയെ പരാജയപ്പെടുത്തിയത്.
മസിയയെ തോൽപിച്ചതോടെ ബസുന്ധര കിങ്സിനും മൂന്ന്പോയിന്റുണ്ട്. എന്നാൽ ഗോകുലത്തിനും മൂന്ന് പോയിന്റാണെങ്കിലും ഗോൾ ശരാശരിയിൽ മലബാറിയൻസാണ് ഗ്രൂപ്പ് ഡിയിൽ ഒന്നാം സ്ഥാനത്തുള്ളത്. മുന്നേറ്റത്തിൽ ഫ്ലച്ചറും ലൂക്ക മജ്സനും മധ്യനിരയിൽ ക്യാപ്റ്റൻ ഷരീഫ് മുഹമ്മദും എമിൽ ബെന്നി, ജിതിൻ എന്നിവരാണ് ഗോകുലത്തിന്റെ കരുത്ത്. പ്രതിരോധത്തിൽ ശക്തമായ പ്രകടനവുമായി എതിർ ടീമിന്റെ മുന്നേറ്റങ്ങളുടെ മുനയൊടിക്കുന്ന കാമറൂൺ താരം അമിനോ ബൗബ, മുഹമ്മദ് ഉവൈസ് എന്നിവരും മികച്ച ഫോമിലാണ്.അതിനാൽ രണ്ടാം മത്സരത്തിലും ജയം തുടർന്ന് ഗ്രൂപ്പിലെ ഒന്നാം സ്ഥാനം നിലനിർത്താനാകുമെന്ന പ്രതീക്ഷയിലാണ് ഗോകുലം കേരള.
എ.ടി.കെക്കെതിരേയുള്ള ആദ്യ മത്സരത്തിൽ ആറു മലയാളികളായിരുന്നു ഗോകുലത്തിനായി ആദ്യ ഇലവനിൽ ഇറങ്ങിയത്. അബ്ദുൽ ഹക്കു, ജിതിൻ, റിഷാദ്, എമിൽ ബെന്നി, താഹിർ സമാൻ, ഉവൈസ് എന്നിവരായിരുന്നു ആദ്യ ഇലവനിൽ കളിച്ച മലയാളി താരങ്ങൾ. ഇതിൽ റിഷാദ്, ജിതിൻ തുടങ്ങിയ മലയാളി താരങ്ങൾ ഓരോ ഗോൾവീതം ടീമിന് സംഭാവന നൽകുകയും ചെയ്തിരുന്നു.
രാത്രി 8.30ന് സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ തന്നെയാണ് ഗോകുലം കേരളയുടെ മത്സരവും നടക്കുന്നത്.