ക്രിക്കറ്റ് ഇസ് എ ഫണ്ണി ഗെയിം, പലപ്പോഴും കമന്റേറ്റർസ് പറയുന്ന ഒരു വാചകമാണ്. പക്ഷെ ഇന്നത്തെ കളി കണ്ടപ്പോൾ, ക്രിക്കറ്റ് ഇസ് എ ക്രുവൽ ഗെയിം എന്നാണ് തോന്നിയത്. ഐപിഎൽ ചരിത്രത്തിലെ എക്കാലത്തെയും മികച്ച രണ്ടു ടീമുകൾ, പോയിന്റസ് ടേബിളിൽ അവസാന സ്ഥാനക്കാരാകാതിരിക്കാൻ പൊരുതുന്ന കാഴ്ചയാണ് തെളിഞ്ഞത്. ഇനിയുള്ള കളികളെല്ലാം ജയിച്ചു ഒമ്പതാം സ്ഥാനം പിടിക്കണം എന്ന് ആഗ്രഹിക്കുന്ന മുംബൈ ഇൻഡ്യൻസും, ഇപ്പോഴുള്ള ഒമ്പതിൽ നിന്ന് മുകളിലോട്ട് പോയില്ലെങ്കിലും താഴേക്ക് പോകരുതെന്ന് ആഗ്രഹിക്കുന്ന ചെന്നൈ സൂപ്പർ കിങ്സും!
അതിനേക്കാൾ ഏറെ, ഈ ടീമുകളെ നയിച്ച ആ രണ്ട് ലോകോത്തര കളിക്കാരെ ഓർത്താണ് കാണികൾ സങ്കടപ്പെട്ടത്. ക്രിക്കറ്റ് ജഗത്തിൽ മറ്റാരേക്കാളും കൂടുതൽ നേട്ടങ്ങൾ കൈയ്യടക്കിയ ധോണിയും രോഹിതും, തങ്ങളുടെ ടീമിനെ ഇപ്പോഴുള്ള സ്ഥാനത്ത് നിന്ന് കര കയറ്റാൻ പാടുപെടും എന്നു ഐപിഎൽ സീസണ് തുടങ്ങുന്നതിനു മുൻപ് ആരും പ്രതീക്ഷിച്ചതല്ല. ഈ സ്ഥാനത്ത് എത്തും എന്നു പോലും ആരും ചിന്തിച്ചിട്ടില്ല.
തങ്ങളുടെതല്ലാത്ത കാരണങ്ങളാൽ ഈ സാഹചര്യത്തിൽ എത്തിപ്പെട്ടവരാണ് രണ്ടാളും എന്നതാണ് സങ്കടം കൂട്ടുന്നത്. രണ്ട് ടീമുകളുടെയും ഓക്ഷൻ പോളിസിയും, മുതലാളിമാരുടെ ധാർഷ്ട്യവും, ടീമിന്റെ രൂപീകരണത്തിലുള്ള അവരുടെ കൈകടത്തലുമാണ് ഇത്തവണ ഈ നിലയിലേക്ക് കാര്യങ്ങളെ എത്തിച്ചത്.
ഇന്ന് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 97 റണ്‍സ് മാത്രമാണ് എടുത്തത്. അതും അവസാനം വരെ ധോണി പൊരുതി നിന്നത് കൊണ്ട്. മറ്റേ അറ്റത്ത് വിക്കറ്റുകൾ ഒന്നൊന്നായി വീഴുന്നത് നിസ്സഹായനായി നോക്കി നിൽക്കാനേ ഈ ചാമ്പ്യൻ ക്രിക്കറ്റർക്ക് സാധിച്ചുള്ളൂ.
രണ്ടാം ഇന്നിംഗ്സ് കളിച്ച രോഹിതിനു കാര്യങ്ങൾ എളുപ്പമായിരുന്നു എന്നു നമ്മൾ കരുതിയെങ്കിലും, ആദ്യ ഓവറിൽ ഇഷാന്റെ വിക്കറ്റ് നഷ്ടപ്പെട്ടത് അവരെ ഭയപ്പെടുത്തി. പിന്നീട് കാര്യങ്ങൾ കൈവിട്ട് പോകാതിരിക്കാൻ രോഹിത് തന്നെ റണ്‍ വേട്ടക്ക് മുന്നിട്ടിറങ്ങിയെങ്കിലും, മൂന്നാമത്തെ ഓവറിൽ ബാറ്റ് ഉണക്കാനിട്ട് ധോണിക്ക് ക്യാച്ച് കൊടുത്തു മടങ്ങി. പിന്നീട് മുകേഷിന്റെയും സിമർജിത്തിന്റെയും സ്വിങ്ങിങ് ബോളുകളിൽ തുടരെ തുടരെ വിക്കറ്റുകൾ പോയപ്പോൾ, ഇത്രനാളും അവസാന സ്ഥാനക്കാരയിരുന്നിട്ട് മുകളിലേക്ക് കയറാൻ കിട്ടിയ ഈ അവസരവും നഷ്ടപ്പെടുമോ എന്ന ചിന്ത എല്ലാവരുടെ മനസ്സിലും ഉദിച്ചു എന്നുള്ളത് നേരാണ്.
പക്ഷെ മുംബൈ ഒരു ആശ്വാസ ജയം നേടി രോഹിതിന് ഒപ്പം നിന്നു. ഇനിയും രണ്ട് ജയം കൂടി നേടിയാൽ അവസാന സ്ഥാനക്കാരൻ എന്ന നാണക്കേടിൽ നിന്നു ഈ ഇന്ത്യൻ ക്യാപ്റ്റന്‍ കരകയറാം.
പക്ഷേ ഇന്ന്, ഈ രണ്ട് കളിക്കാരും തോൽക്കാതിരുന്നെങ്കിൽ എന്നു പ്രാർത്ഥിച്ചവരാണ് അധികവും.