ഇംഗ്ലീഷ് വനിത സൂപ്പർ ലീഗ് കിരീടം തുടർച്ചയായ മൂന്നാം തവണയും ഉയർത്തി ചെൽസി വനിതകൾ. രണ്ടാം സ്ഥാനക്കാരായ ആഴ്സണലിനെക്കാൾ ഒരു പോയിന്റ് മാത്രം വ്യത്യാസത്തിൽ ആണ് ചെൽസി കിരീടം ഉയർത്തി. കിരീട പോരാട്ടം അവസാന മത്സരത്തിലേക്ക് നീണ്ടപ്പോൾ അവസാന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തിരിച്ചു വന്നു തോൽപ്പിച്ചു ആണ് എമ്മ ഹെയിസിന്റെ ടീം തുടർച്ചയായ മൂന്നാം ലീഗ് കിരീടം നേടിയത്. ഇത് ആദ്യമായാണ് ഒരു ടീം തുടർച്ചയായ മൂന്നാം തവണ ലീഗ് കിരീടം നേടുന്നത്. ചെൽസിയുടെ അഞ്ചാം ലീഗ് കിരീടം ആണ് ഇത്, കഴിഞ്ഞ 7 വർഷത്തിൽ ആണ് അവർ 5 കിരീടങ്ങളും നേടുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിനു എതിരെ ആദ്യ പകുതിയിൽ 2-1 നു പിന്നിൽ ആയിരുന്ന ചെൽസി തിരിച്ചു വന്നു 4-2 നു ജയിക്കുക ആയിരുന്നു. അതേസമയം വെസ്റ്റ് ഹാമിനെ അവസാന മത്സരത്തിൽ 2-0 നു തോൽപ്പിച്ചു എങ്കിലും ആഴ്സണൽ രണ്ടാം സ്ഥാനക്കാർ ആയി.
മത്സരത്തിൽ 13 മത്തെ മിനിറ്റിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആണ് മുന്നിൽ എത്തിയത്. കേറ്റി സെലമിന്റെ പാസിൽ നിന്നു മാർത്ത തോമസ് ആണ് യുണൈറ്റഡിനു മുൻതൂക്കം നൽകിയത്. 5 മിനിറ്റിനുള്ളിൽ ചെൽസി എറിൻ കുത്ബെർട്ടിലൂടെ മത്സരത്തിൽ ഒപ്പമെത്തി. 25 മത്തെ മിനിറ്റിൽ ലീ ഗാൽറ്റന്റെ പാസിൽ നിന്നു എല്ല ടൂൺ ഗോൾ നേടിയതോടെ ചെൽസി ഞെട്ടി. ആദ്യ പകുതി അവസാനിക്കുമ്പോൾ 2-1 ചെൽസി പിന്നിലും ആഴ്സണൽ ഗോൾ രഹിത സമനിലയിലും ആയിരുന്നു. എന്നാൽ രണ്ടാം പകുതി തുടങ്ങിയ ഉടൻ തന്നെ അതുഗ്രൻ ഷോട്ടിലൂടെ സൂപ്പർ താരം സാം കെർ ചെൽസിയെ മത്സരത്തിൽ വീണ്ടും ഒപ്പമെത്തിച്ചു. തുടർന്ന് അനായാസം കളിച്ചു യുണൈറ്റഡ് പ്രതിരോധം തകർക്കുന്ന ചെൽസിയെ ആണ് മത്സരത്തിൽ കണ്ടത്.
സമനില നേടി 5 മിനിറ്റിനുള്ളിൽ 51 മത്തെ മിനിറ്റിൽ പെർനില ഹാർഡറിന്റെ പാസിൽ നിന്നു ഗോൾ നേടിയ ഗുറോ റെയിറ്റൻ ചെൽസിയെ മത്സരത്തിൽ ആദ്യമായി മുന്നിലെത്തിച്ചു. തുടർന്ന് 66 മത്തെ മിനിറ്റിൽ ഗുറോ റെയിറ്റന്റെ പാസിൽ നിന്നു മറ്റൊരു അതുഗ്രൻ ഗോൾ നേടിയ ലീഗ് ടോപ് സ്കോറർ കൂടിയായ സാം കെർ ചെൽസിക്ക് കിരീടം ഉറപ്പിച്ചു നൽകി. അതേസമയം വെസ്റ്റ് ഹാമിനെ രണ്ടാം പകുതിയിൽ നേടിയ ഗോളുകൾക്ക് ആണ് ആഴ്സണൽ തോൽപ്പിച്ചത്. 60 മത്തെ മിനിറ്റിൽ മിയദെമയുടെ പാസിൽ നിന്നു സ്റ്റിന ബ്ളാക്സ്റ്റിനിയസും 66 മത്തെ മിനിറ്റിൽ ലിയ വാൽറ്റിയുടെ പാസിൽ നിന്നു സ്റ്റഫനി കാറ്റ്ലിയും ആണ് ആഴ്സണലിന്റെ ഗോളുകൾ നേടിയത്. അതേസമയം റെഡിങിനെ 4-0 നു തോൽപ്പിച്ച മാഞ്ചസ്റ്റർ സിറ്റി മൂന്നാം സ്ഥാനം സ്വന്തമാക്കി ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പാക്കി. അടുത്ത സീസണിൽ ചെൽസിയിൽ നിന്നു കിരീടം നേടുക എന്നത് ആവും ആഴ്സണലിന്റെ പ്രധാന ലക്ഷ്യം.