ഇന്ന് കേരളം 1-0ന് കർണാടകയ്ക്ക് എതിരെ പിറകിൽ നിൽക്കുക ആയിരുന്നു. തുടർ ആക്രമണങ്ങൾ നടത്തിക്കൊണ്ടിരുന്നു എങ്കിലും ഒരു ഫിനിഷിങ് ടച്ച് കേരളത്തിന്റെ കളിയിൽ ഉണ്ടായിരുന്നില്ല. അപ്പോഴാണ് 29ആം മിനുട്ടിൽ വിക്നേഷിനെ പിൻവലിച്ച് ബിനോ ജോർജ്ജ് ജെസിനെ കളത്തിലേക്ക് ഇറക്കുന്നത്. ഇത്ര നേരത്തെ ഒരു താരത്തെ സബ്ബ് ചെയ്യുന്നത് ഫുട്ബോളിൽ അത്ര സജീവമായ കാര്യമല്ല. പരിക്കുകളോ ചുവപ്പ് കാർഡുകളോ പിറന്നാൽ മാത്രമേ മിക്കവാറും പരിശീലകർ ആദ്യ പകുതിയിൽ തന്നെ സബ്സ്റ്റിട്യൂഷനുകൾ നടത്താറുള്ളൂ.
എന്നാൽ ബിനോ ജോർജ്ജ് അങ്ങനെ ഒരു പരിശീലകൻ അല്ല. കളി ഏതായും അത് പരിശീലന മത്സരം ആയാൽ ഐ ലീഗിലെ മത്സരം ആയാലും ബിനോ ജോർജ്ജ് കാര്യങ്ങൾ ശരിയല്ല എങ്കിൽ മാറ്റങ്ങൾ നടത്തും. ബിനോ ജോർജ്ജ് ഗോകുലത്തെ പരിശീലിപ്പിച്ചിരുന്ന കാലത്ത് ഈ ആദ്യ പകുതിയിലെ സബ്സ്റ്റിട്യൂഷനുകൾ പതിവായിരുന്നു. അത്തരം നീക്കങ്ങൾ എപ്പോഴും ടീമിനെ ഗുണമായി മാറാറുമുണ്ട്.
ഇന്ന് ബിനോ ജോർജ്ജിന്റെ ടാക്ടിക്സ് മാറ്റം കളിയുടെ ഗതി തന്നെ മാറ്റി. ഇന്ന് കളി തുടങ്ങും മുമ്പ് തന്റെ ഫിലോസഫി അറ്റാക്ക് ആണെന്നും അത് മാത്രമെ താൻ കളിക്കൂ എന്നും ബിനോ പറഞ്ഞിരുന്നു. ഒരുപാട് ഗോൾ കാണാനാണ് ഫുട്ബോൾ പ്രേമികൾ ആഗ്രഹിക്കുന്നത് എന്നും അതിനാൽ അത്തരം ഫുട്ബോൾ ആകും കളിക്കുക എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ കളി കഴിഞ്ഞപ്പോൾ ആകെ പിറന്നത് 10 ഗോളുകൾ.
ബിനോ വാക്കുകൾ പ്രാവർത്തികമാക്കുന്ന കോച്ചാണ്. മുമ്പ് ഗോകുലത്തെ ഐ ലീഗ് ജേതാക്കൾ ആക്കുകയും അവരെ എ എഫ് സി കപ്പിൽ എത്തിക്കുകയുമാണ് ലക്ഷ്യം എന്ന് പറഞ്ഞ ബിനോ ജോർജ്ജ് ആ രണ്ട് ലക്ഷ്യങ്ങളും പൂർത്തിയാക്കിയ ശേഷമായിരുന്നു ഗോകുലം കേരള വിട്ടത്. കേരളത്തെ കിരീടത്തിലേക്ക് കൂടെ എത്തിച്ചാൽ സമകാലീന കേരള ഫുട്ബോളിൽ ബിനോ ജോർജ്ജ് എന്ന പരിശീലകന്റെ പേര് വലിയ അക്ഷരങ്ങളിൽ തന്നെ എഴുതിച്ചേർക്കപ്പെടും.