കൊല്‍ക്കത്തയ്ക്ക് തുടര്‍ച്ചയായ അഞ്ചാം പരാജയം സമ്മാനിച്ച് ഡൽഹി ക്യാപിറ്റൽസ്. ഡേവിഡ് വാര്‍ണര്‍ ക്രീസിൽ ലളിത് യാദവുമായി നിലയുറപ്പിച്ചപ്പോള്‍ ഡൽഹി അനായാസ ജയത്തിലേക്ക് നീങ്ങുമെന്ന് തോന്നിപ്പിച്ചുവെങ്കിലും വിക്കറ്റുകള്‍ വലിച്ചെറിഞ്ഞ് കൊല്‍ക്കത്തയെ മത്സരത്തിലേക്ക് തിരികെ എത്തുവാന്‍ ഡൽഹി സഹായിക്കുന്ന കാഴ്ചയാണ് വാങ്കഡേയിൽ കണ്ടത്. എങ്കിലും അക്സര്‍ പട്ടേൽ , റോവ്മന്‍ പവൽ എന്നിവരുടെ നിര്‍ണ്ണായക സംഭാവനകള്‍ ഡൽഹിയ്ക്ക് 4 വിക്കറ്റ് വിജയം സാധ്യമാക്കി. 19 ഓവറിലാണ് ഡൽഹി തങ്ങളുടെ വിജയം നേടിയത്.
പൃഥ്വി ഷായെ ഇന്നിംഗ്സിലെ ആദ്യ പന്തിൽ ഡൽഹിയ്ക്ക് നഷ്ടമായപ്പോള്‍ മിച്ചൽ മാര്‍ഷിനെ പുറത്താക്കി അരങ്ങേറ്റക്കാര്‍ ഹര്‍ഷിത് റാണ തന്റെ കന്ന്ി ഐപിഎൽ വിക്കറ്റ് നേടി. 17/2 എന്ന നിലയിൽ നിന്ന് 65 റൺസ് കൂട്ടുകെട്ടുമായി ഡേവിഡ് വാര്‍ണറും ലളിത് യാദവും ചേര്‍ന്ന് ഡൽഹിയെ വിജയത്തിലേക്ക് നയിക്കുമെന്ന തോന്നിപ്പിച്ച നിമിഷത്തിലാണ് ക്ഷണ നേരത്തിൽ ഡൽഹിയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടമായത്.
82/2 എന്ന നിലയിൽ വിജയം കൈപ്പിടിയിലായി എന്ന ഘട്ടത്തിൽ നിന്ന് തുടരെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായ ഡൽഹി പ്രതിരോധത്തിലാവുന്നതാണ് പിന്നീട് കണ്ടത്. 2 റൺസ് എടുക്കുന്നതിനിടെ ഡേവിഡ് വാര്‍ണര്‍, ലളിത് യാദവ്, ഋഷഭ് പന്ത് എന്നിവരെ ഡൽഹിയ്ക്ക് നഷ്ടമായി. ഉമേഷ് യാദവാണ് ഇതിൽ രണ്ട് വിക്കറ്റ് നേടിയത്. മത്സരത്തിൽ ആകെ 3 വിക്കറ്റാണ് ഉമേഷിന്റെ സംഭാവന.
ഡേവിഡ് വാര്‍ണര്‍ 26 പന്തിൽ 42 റൺസ് നേടിയപ്പോള്‍ ലളിത് യാദവ് 22 റൺസാണ് നേടിയത്. ആറാം വിക്കറ്റിൽ റോവ്മന്‍ പവലിനെ കാഴ്ചക്കാരനാക്കി അക്സര്‍ പട്ടേൽ 29 റൺസ് കൂട്ടിചേര്‍ത്തപ്പോള്‍ അതിൽ 5 റൺസ് മാത്രമായിരുന്നു പവലിന്റെ സംഭാവന. 24 റൺസ് നേടിയ അക്സര്‍ റണ്ണൗട്ടാകുമ്പോള്‍ 30 പന്തിൽ 34 റൺസായിരുന്നു ഡൽഹി നേടേണ്ടിയിരുന്നത്.
റോവ്മന്‍ പവൽ ഏല്പിച്ച പ്രഹരങ്ങള്‍ ഡൽഹിയുടെ വിജയം ഉറപ്പാക്കി. 16 പന്തിൽ 33 റൺസാണ് റോവ്മന്‍ പവൽ നേടിയത്.