സന്തോഷ് ട്രോഫിയിൽ കേരളം ഫൈനലിൽ. കർണാടകയെ അയല്പക്കാർ എന്നുള്ള ദയ പോലും കാണിക്കാതെ തകർത്തെറിഞ്ഞ് കൊണ്ടാണ് കേരളം ഫൈനലിലേക്ക് മാർച്ച് ചെയ്തത്. സബ്ബായി എത്തി അഞ്ചു ഗോളുകൾ നേടിയ ജെസിന്റെ മികവിൽ 7-3 എന്ന സ്കോറിനാണ് കേരളം വിജയിച്ചത്
കളി കേരളത്തിന്റെ കയ്യിൽ നിന്ന് അകലുകയാണെന്ന് തോന്നിയപ്പോൾ ബിനോ ജോർജ്ജ് നടത്തിയ ജെസിന്റെ സബ്സ്റ്റിട്യൂഷൻ ആണ് കളിയുടെ ഗതി മാറ്റിയത്.
ഇന്ന് പയ്യനാടിൽ നിറഞ്ഞ് നിന്ന സ്റ്റേഡിയത്തിൽ കേരളം ആണ് മികച്ച രീതിയിൽ തുടങ്ങിയത്. തുടർ ആക്രമണങ്ങൾ കേരളം നടത്തിക്കൊണ്ടേ ഇരുന്നു. കേരളത്തിന്റെ അറ്റാക്കുകളാലും സെറ്റ് പീസുകളാലും കർണാടക പെനാൾട്ടി ബോക്സ് തിരക്കിലായെങ്കിലും ഗോൾ ഒന്നും പിറന്നില്ല. കെവിൻ കോശിയുടെ നല്ല സേവുകൾ കളി ഗോൾ രഹിതമായി നിർത്തി. വിഗ്നേഷിന്റെ ഒരു ഷോട്ടിൽ നിന്ന് നല്ല സേവ് തന്നെ നടത്തേണ്ടി വന്നു കെവിന് കളി ഗോൾ രഹിതമായി നിർത്താൻ.
കേരളത്തിന്റെ ആധിപത്യം നടക്കുന്നതിന് ഇടയിലാണ് മൊത്തം സ്റ്റേഡിയത്തെ നിശബ്ദമാക്കി കൊണ്ട് കർണാകട ഗോൾ നേടി. 25ആം മിനുട്ടിൽ സുധീർ ആണ് പന്ത് വലയിൽ എത്തിച്ചത്. സൊലൈമലിയുടെ ഇടത് വിങ്ങിലൂടെയുള്ള കുതിപ്പിന് ശേഷം നൽകിയ ക്രോസ് ബാക്ക് പോസ്റ്റിൽ ഓടിയെത്തിയ സുധീർ ലക്ഷ്യത്തിൽ എത്തിച്ചു.
ഈ ഗോൾ പിറന്നതിന് പിന്നാലെ ബിനോ ജോർജ്ജ് വിക്നേഷിനെ പിൻവലിച്ച് ജെസിനെ കളത്തിൽ എത്തിച്ചു. ബിനോയുടെ തീരുമാനം തെറ്റിയില്ല. 35ആം മിനുട്ടിൽ ജെസിന്റെ ഫിനിഷ്. ഗോൾ ലൈൻ വിട്ട് വന്ന കെവിനു മുകളിലൂടെ ചിപ്പ് ചെയ്തായിരുന്നു ജെസിൻ വല കണ്ടെത്തിയത്.
42ആം മിനുട്ടിൽ ജെസിൻ തന്നെ കേരളത്തിന്റെ രണ്ടാം ഗോളും നേടി. ഇത്തവണയും ഫിനിഷിങ് ടച്ച് അത്ഭുതപ്പെടുത്തുന്നതായിരുന്നു. കേരളം 2-1ന് മുന്നിൽ. അവിടെയും തീർന്നില്ല 45ആം മിനുട്ടിൽ താരം ഹാട്രിക്കും തികച്ചു. ബിനോയുടെ അത്ഭുത നീക്കം. ജെസിന്റെ അത്ഭുത പ്രകടനം. പിന്നാലെ ഷിഗിലും കൂടെ ഗോൾ നേടിയതോടെ കേരളം ആദ്യ പകുതിയിൽ തന്നെ 4-1ന് മുന്നിൽ.
രണ്ടാം പകുതിയിൽ കർണാടക വല നിറയാൻ തുടങ്ങി. തുടക്കത്തിൽ കമലേഷിന്റെ ഒരു ലോങ് റേഞ്ചർ കർണാടകയ്ക്ക് രണ്ടാം ഗോൾ നൽകി എങ്കിലും പിന്നാലെ ജെസിൻ വിളയാട്ട് തുടർന്നു. 56ആം മിനുട്ടിൽ മൈതാന മധ്യത്ത് നിന്ന് തുടങ്ങിയ കുതിപ്പ് തന്റെ നാലാം ഗോളിലാണ് ജെസി അവസാനിപ്പിച്ചത്. സ്കോർ 5-2.
61ആം മിനുട്ടിൽ ഒരു സെൽഫ് ഗോളിലൂടെ കേരളത്തിന്റെ ആറാം ഗോൾ. കർണാടക ഇതിനു ശേഷം ഒരു ഗോൾ കൂടെ മടക്കി കളി 6-3 എന്നാക്കി. കർണകയ്ക്ക് അതിലും ആശ്വാസം കണ്ടെത്താൻ ജെസിൻ അനുവദിച്ചില്ല. ജെസിന്റെ അഞ്ചാം ഗോൾ വന്നു. കേരളത്തിന്റെ ഏഴാം ഗോൾ. സ്കോർ 7-3. ഫൈനലിലേക്ക് കേരളം തല ഉയർത്തി തന്നെ മാർച്ച് ചെയ്തു.
ഫൈനലിൽ വെസ്റ്റ് ബംഗാളോ മണിപ്പൂരോ ആകും കേരളത്തിന്റെ എതിരാളികൾ.