75ആമത് സന്തോഷ് ട്രോഫിക്കായുള്ള 20 അംഗ ടീം കേരളം ഇന്ന് പ്രഖ്യാപിച്ചു. ബിനോ ജോർജ് പരിശീലിപ്പിക്കുന്ന ടീമിനെ ജിജോ ജോസഫ് ആയിരിക്കും നയിക്കുക. കെ എസ് ഇ ബിയുടെ മധ്യനിര താരമായ ജിജോയുടെ ഏഴാമത് സന്തോഷ് ട്രോഫി ആയിരിക്കും ഇത്. ജിജോ ഉൾപ്പെടെ അഞ്ച് താരങ്ങൾ മാത്രമാണ് ഇതിനു മുമ്പ് കേരളത്തെ സന്തോഷ് ട്രോഫിയിൽ പ്രതിനിധീകരിച്ചിട്ടുള്ളത്.
2018ൽ കിരീടം നേടിയ കേരള ടീമിന്റെ ഭാഗമായിരുന്ന മിഥുൻ, ഹജ്മൽ എന്നിവരും ടീമിൽ ഉണ്ട്. ഇവരെ കൂടാതെ കേരള യുണൈറ്റഡ് മിഡ്ഫീൽഡർ അഖിൽ, കേരള പോലീസ് ഡിഫൻഡർ സഞ്ജു എന്നിവരാണ് മുമ്പ് കേരളത്തിനായി സന്തോഷ് ട്രോഫി കളിച്ചിട്ടുള്ളത്. കേരള ഫുട്ബോളിന്റെ ഭാവി ആയി കരുതപ്പെടുന്ന നിരവധി യുവതാരങ്ങൾ സ്ക്വാഡിനൊപ്പം ഉണ്ട്. കെ എസ് ഇ ബിക്കായി കെ പി എല്ലിൽ ഗോളടിച്ച് കൂട്ടിയ വിക്നേഷ്, കെ എസ് ഇ ബിക്ക് ഒപ്പം തന്നെ തിളങ്ങിയ നിജോ ഗിൽബേർട്, ഗോൾഡൻ ത്രഡ്സിന്റെ ഡിഫൻസിൽ ഉണ്ടായിരുന്ന സോയൽ ജോഷി, ബിബിൻ അജയൻ എന്നിവർ സ്ക്വാഡിൽ ഉണ്ട്.
മുമ്പ് ഐ ലീഗിൽ അടക്കം തിളങ്ങിയിട്ടുള്ള അർജുൻ ജയരാജ്, സൽമാൻ തുടങ്ങിയ കേരള യുണൈറ്റഡ് താരങ്ങളും ടീമിൽ ഉണ്ട്.
ഏപ്രില്‍ 16 രാത്രി 8.00 മണിക്ക് രാജസ്ഥാനെതിരെ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് കേരളത്തിന്റെ ആദ്യ മത്സരം. 18 ന് കേരളം കരുത്തരായ വെസ്റ്റ് ബംഗാളിനെ നേരിടും. 20 ന് മേഘാലയ, 22 ന് പഞ്ചാബ് എന്നിവരുമായി കേരളം ഏറ്റുമുട്ടും. കേരളത്തിന്റെ എല്ലാ മത്സരങ്ങളും മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് നടക്കുന്നത്
Team;