കൊൽക്കത്ത ഡാർബി സ്വന്തമാക്കി എടികെ മോഹൻ ബഗാൻ. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഈസ്റ്റ് ബംഗാളിനെ എടികെ മോഹൻ ബഗാൻ പരാജയപ്പെടുത്തിയത്. കിയാൻ നസ്സീരിയുടെ ഹാട്രിക്കിന്റെ ചിറകിലേറിയാണ് മോഹൻ ബഗാൻ 381മത് കൊൽക്കത്ത ഡാർബി സ്വന്തമാക്കിയത്. ഡാരൻ സിഡിയോളാണ് ഈസ്റ്റ് ബംഗാളിന്റെ ആശ്വാസ ഗോൾ നേടിയത്. ഇഞ്ചുറി ടൈമിൽ പിറന്ന ഇരട്ട ഗോളുകളാണ് മത്സരം മോഹൻ ബഗാന് നേടിക്കൊടുത്തത്.
മത്സരത്തിലെ നാല് ഗോളുകളും പിറന്നത് രണ്ടാം പകുതിയിലാണ്. ആദ്യ പകുതിയിൽ കനത്ത അക്രമണമാണ് മോഹൻ ബഗാൻ അഴിച്ച് വിട്ടതെങ്കിലും ഈസ്റ്റ് ബംഗാളിന്റെ മാഴ്സലോക്ക് ഗോളടിക്കാൻ മികച്ചൊരു അവസരം ലഭിച്ചിരുന്നു. 57ആം മിനുട്ടിൽ ഈസ്റ്റ് ബംഗാൾ ഡാരൻ സിഡിയോളിലൂടെ ആദ്യ ഗോൾ നേടി. എന്നാൽ പിന്നീട് പകരക്കാരാനായി ഇറങ്ങിയ കിയാൻ നസിരിയിലൂടെ മോഹൻ ബഗാൻ ജയം പിടിച്ചെടുക്കുകയായിരുന്നു. ഒരു ഗോൾ വഴങ്ങിയതിന് ശേഷം ശക്തമായ തിരിച്ച് വരവാണ് മോഹൻ ബഗാൻ കളിക്കളത്തിൽ നടത്തിയത്.
61 ആം മിനുട്ടിലാണ് പകരക്കാരനായി ഈസ്റ്റ് ബംഗാൾ ലെജന്റ് ജംഷിദ് നസിരിയുടെ മകൻ കിയാൻ നിസ്സിരി മോഹൻ ബഗാന് വേണ്ടി കളത്തിലിറങ്ങുന്നത്. കൊൽക്കത്ത ഡാർബിയുടെ ചരിത്രത്തിൽ സ്വന്തം പേരെഴുതാൻ ഇന്നത്തെ പ്രകടനം കൊണ്ട് യുവതാരത്തിനായി. അരിന്ദത്തിനെ നോക്കുകുത്തിയാക്കി കിയാൻ 64ആം മിനുട്ടിൽ ആദ്യ ഗോൾ നേടി. വൈകാതെ ലിസ്റ്റണെ ബോക്സിൽ വീഴ്ത്തിയതിന് മോഹൻ ബഗാന് പെനാൽറ്റി ലഭിച്ചു. കിക്കെടുത്ത വില്ല്യംസിന് പിഴച്ചു. ഇത് ഈസ്റ്റ് ബംഗാളിന്റെ പ്രതീക്ഷകൾ ഉയർത്തിയെങ്കിലും ഇഞ്ചുറി ടൈമിൽ കിയാൻ നസ്സിരി അവതരിക്കുകയായിരുന്നു. ഇഞ്ചുറി ടൈമിലെ ഇരട്ട ഗോളുകളുമായി എടികെ മോഹൻ ബഗാൻ ജയിച്ച് കയറിയപ്പോൾ ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് ലഭിച്ചത് മികച്ചൊരു കൊൽക്കത്ത ഡാർബി അനുഭവമാണ്. ഈ ജയത്തോട് കൂടി 19 പോയന്റുമായി നാലാം സ്ഥാനത്താണ് എടികെ മോഹൻ ബഗാന്റെ സ്ഥാനം.