യൂ ടേൺ!!! രാജി പിന്‍വലിച്ച് ഭാനുക രജപക്സ

Sports Correspondent

Bhanukarajapaksa

കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുവാനായി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് രാജി വയ്ക്കുകയാണെന്ന് പ്രഖ്യാപിച്ച ഭാനുക രജപക്സ തന്റെ രാജി തീരുമാനം പിന്‍വലിച്ചു. ശ്രീലങ്കയുടെ കായിക മന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷമാണ് താരത്തിന്റെ ഈ തീരുമാനം.

ജനുവരി 5ന് ആണ് താരം രാജി തീരുമാനം അറിയിച്ചത്. ശ്രീലങ്ക ക്രിക്കറ്റിലെ ഫിറ്റ്നെസ്സ് നിലവാരത്തിനെക്കുറിച്ചുണ്ടായിരുന്ന താരത്തിന്റെ അതൃപ്തിയാണ് താരത്തിനെ രാജിയിലേക്ക് നയിച്ചതെന്നാണ് സൂചന.

കഴിഞ്ഞ ദിവസം കായിക മന്ത്രി രജപക്സയോട് തീരുമാനം പുനഃപരിശോധിക്കുവാന്‍ ആവശ്യപ്പെട്ട് കത്തെഴുതിയിരുന്നു. നേരത്തെ ബോര്‍ഡിനെതിരെ പരാമര്‍ശം നടത്തിയതിന് താരത്തിനെതിരെ 2019ൽ ഒരു വര്‍ഷത്തെ വിലക്കും ഉണ്ടായിരുന്നു.

ഇതിന് ശേഷം കളിക്കളത്തിലേക്ക് മടങ്ങിയെത്തിയ താരം നിര്‍ണ്ണായക പ്രകടനങ്ങളാണ് പുറത്തെടുത്തത്.