ഐ എസ് എല്ലിൽ ഈ സീസണിൽ ഗോളുകളുടെ പൂരമാണ്. ഇന്നലെ 10 ഗോൾ വന്ന കളിക്ക് പിന്നാലെ ഇന്ന് എ ടി കെ മോഹൻ ബഗാനും മുംബൈ സിറ്റിയും തമ്മിലുള്ള മത്സരത്തിൽ ഗോൾ ഒഴുകി. ഇന്ന് പ്രഹരമേറ്റു വാങ്ങിയത് ഡിഫൻസിന് എന്നും പേരു കേട്ട എ ടി കെ മോഹൻ ബഗാനായിരുന്നു. മുംബൈ സിറ്റി ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് മോഹൻ ബഗാനെ തോൽപ്പിച്ചത്. ഹബാസിന്റെ ഐ എസ് എല്ലിലെ ഏറ്റവും വലിയ പരാജയമാണിത്.
ഇന്ന് ഇന്ത്യൻ താരങ്ങളായ വിക്രം സിങും ബിപിനും ആണ് മുംബൈ സിറ്റിയുടെ ഹീറോകളായത്. ഐ എസ് എല്ലിൽ ആദ്യമായി സ്റ്റാർടിങ് ഇലവനിൽ എത്തിയ വിക്രം സിംഗ് ആദ്യ 25 മിനുട്ടിൽ തന്നെ 2 ഗോളുകൾ അടിച്ചു. 2 ഗോളും ഒരുക്കിയത് ഇടതു വിങ്ങിൽ നിന്ന് ബിപിൻ സിംഗ് ആയിരുന്നു. ആദ്യ പകുതിയുടെ അവസാനം അംഗുളോ ഒരു സെറ്റ് പീസിൽ നിന്ന് മുംബൈ സിറ്റിയുടെ മൂന്നാം ഗോളും നേടി.
രണ്ടാം പകുതിയിൽ തുടക്കത്തിൽ തന്നെ മോഹൻ ബഗാന് ചുവപ്പ് കാർഡ് കിട്ടിയ ദീപക് താങ്രിയെ നഷ്ടമായി. പിന്നീട് 47ആം മിനുട്ടിൽ ഫാളും 52ആം മിനുട്ടിൽ ബിപിൻ സിങും സ്കോർ ചെയ്തതോടെ മുംബൈ സിറ്റി 5-0നു മുന്നിൽ എത്തി. ഡേവിഡ് വില്യം ആണ് മോഹൻ ബഗാന്റെ ആശ്വാസ ഗോൾ നേടിയത്. മുംബൈ സിറ്റിക്കും മോഹൻ ബഗാനും 6 പോയിന്റ് വീതമാണ് ഇപ്പോൾ ഉള്ളത്.