ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് എയിൽ ക്ലബ് ബ്രൂഷെക്ക് എതിരെ മുമ്പ് നേരിട്ട പരാജയത്തിന് പ്രതികാരം ചെയ്തു യൂറോപ്പ ലീഗ് യോഗ്യത പ്രതീക്ഷകൾ സജീവമാക്കി ആർ.ബി ലൈപ്സിഗ്. എതിരാളികൾക്ക് മേൽ എതിരില്ലാത്ത 5 ഗോളുകളുടെ വമ്പൻ ജയം ആണ് ജർമ്മൻ ടീം സ്വന്തമാക്കിയത്. പന്ത് കൈവശം വക്കുന്നതിൽ നേരിയ മുൻതൂക്കം എതിരാളികൾക്ക് ഉണ്ടായി എങ്കിലും അവരെക്കാൾ ഒരുപാട് അവസരങ്ങൾ ആണ് ലൈപ്സിഗ് മത്സരത്തിൽ സൃഷ്ടിച്ചത്. പന്ത്രണ്ടാം മിനിറ്റിൽ ക്രിസ്റ്റഫർ എൻകുങ്കുവിലൂടെയാണ് ജർമ്മൻ ടീം മത്സരത്തിൽ ഗോൾ വേട്ട ആരംഭിച്ചത്.
തുടർന്ന് ലഭിച്ച പെനാൽട്ടി 17 മിനിറ്റിൽ ലക്ഷ്യം കണ്ട എമിൽ ഫോർസ്ബർഗ് ലൈപ്സിഗിന്റെ രണ്ടാം ഗോളും നേടി. തുടർന്ന് 26 മത്തെ മിനിറ്റിൽ ആഞ്ചലീന്യോയുടെ പാസിൽ നിന്നു ആന്ദ്ര സിൽവയാണ് അവരുടെ മൂന്നാം ഗോൾ നേടിയത്. തുടർന്ന് ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടു മുമ്പ് എൻകുങ്കുവിന്റെ പാസിൽ നിന്നു മത്സരത്തിലെ തന്റെ രണ്ടാം ഗോൾ നേടിയ ഫോർസ്ബർഗ് അവരുടെ വലിയ ജയം ആദ്യ പകുതിയിൽ തന്നെ ഉറപ്പിച്ചു. തുടർന്ന് രണ്ടാം പകുതിയിൽ ഇഞ്ച്വറി സമയത്ത് എൻകുങ്കു ലൈപ്സിഗ് ജയം പൂർത്തിയാക്കുക ആയിരുന്നു. സീസണിൽ ചാമ്പ്യൻസ് ലീഗിൽ അഞ്ചാം മത്സരത്തിൽ നിന്നു ആറാം ഗോൾ ആയിരുന്നു എൻകുങ്കുവിനു ഇത്.