ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് ബിയിൽ അഞ്ചാം മത്സരത്തിലും ജയം കണ്ടു ലിവർപൂൾ. എഫ്.സി പോർട്ടോക്ക് എതിരെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് ലിവർപൂൾ ജയം കണ്ടത്. മത്സരത്തിൽ വ്യക്തമായ ആധിപത്യം ആണ് ക്ലോപ്പിന്റെ ടീം കാഴ്ച വച്ചത്. എങ്കിലും ആദ്യ പകുതിയിൽ മത്സരത്തിൽ ഗോൾ ഒന്നും പിറന്നില്ല. എന്നാൽ രണ്ടാം പകുതി തുടങ്ങിയ ഉടൻ തന്നെ ലിവർപൂൾ പോർട്ടോ പ്രതിരോധം ഭേദിച്ചു.
52 മത്തെ മിനിറ്റിൽ ഒരു ഫ്രീക്കിക്കിൽ നിന്നു ലഭിച്ച അവസരം ബോക്സിന് പുറത്ത് നിന്ന് ഒരു അതിമനോഹരമായ ഗ്രൗണ്ട് ഷോട്ടിലൂടെ ഗോളാക്കി മാറ്റിയ തിയാഗോ ആണ് മത്സരത്തിൽ ലിവർപൂളിന് മുൻതൂക്കം നൽകിയത്. അതിമനോഹരമായ ഗോൾ ആയിരുന്നു ഇത്. തുടർന്ന് 70 മത്തെ മിനിറ്റിൽ ഹെന്റേഴ്‌സന്റെ പാസിൽ നിന്നു തന്റെ പതിവ് ഗോൾ കണ്ടത്തിയ മുഹമ്മദ് സലാഹ് ലിവർപൂൾ ജയം പൂർത്തിയാക്കുക ആയിരുന്നു. മരണ ഗ്രൂപ്പിലെ ആധികാരിക പ്രകടനത്തോടെ എതിരാളികൾക്ക് വ്യക്തമായ സൂചനയാണ് ലിവർപൂൾ നൽകുന്നത്. പരാജയത്തോടെ നിലവിൽ ഗ്രൂപ്പിൽ മൂന്നാമത് ആണെങ്കിലും അവസാന മത്സരം ജയിച്ചാൽ പോർട്ടോക്ക് അവസാന പതിനാറിൽ എത്താം.