ചാമ്പ്യൻസ് ലീഗിൽ സ്വീഡിഷ് ചാമ്പ്യന്മാരായ മാൽമോക്കെതിരെ ചെൽസിക്ക് വമ്പൻ ജയം. ഏകപക്ഷീയമായ നാല് ഗോളുകൾക്കാണ് ചെൽസി മാൽമോയെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ തുടക്കം മുതൽ ചെൽസി ആധിപത്യം കണ്ട മത്സരത്തിൽ ഒരിക്കൽ പോലും ചെൽസി ഗോൾ കീപ്പർ മെൻഡിക്ക് വെല്ലുവിളി സൃഷ്ട്ടിക്കാൻ മാൽമോക്കായില്ല. അതെ സമയം മത്സരം അനായാസം ജയിച്ചെങ്കിലും പ്രമുഖ താരങ്ങളുടെ പരിക്ക് ചെൽസിക്ക് തിരിച്ചടിയായി. ചെൽസി ഫോർവേഡ് ലുകാകുവും വെർണറുമാണ് പരിക്കേറ്റ് പുറത്തുപോയത്.
ചെൽസിക്ക് വേണ്ടി പ്രതിരോധ താരം ക്രിസ്റ്റൻസൺ ആണ് ആദ്യ ഗോൾ നേടിയത്. ചെൽസിക്ക് വേണ്ടി താരത്തിന്റെ ആദ്യ ഗോൾ കൂടിയായിരുന്നു ഇത്. തുടർന്ന് ലഭിച്ച പെനാൽറ്റി ഗോളാക്കി ജോർഗീനോ ചെൽസിയുടെ ലീഡ് ആദ്യ പകുതിയിൽ തന്നെ ഇരട്ടിയാക്കി. തുടർന്ന് രണ്ടാം പകുതിയിൽ ഹാവെർട്സിലൂടെ മൂന്നാമത്തെ ഗോൾ നേടിയ ചെൽസി അധികം താമസിയാതെ മത്സരത്തിലെ നാലാമത്തെ ഗോളും നേടി. മത്സരത്തിൽ രണ്ടാമത്തെ പെനാൽറ്റി ഗോളാക്കി ജോർഗീനോയാണ് ചെൽസിയുടെ നാലാമത്തെ ഗോൾ നേടിയത്.