സൺറൈസേഴ്സ് നേടിയ 115/8 എന്ന സ്കോര്‍ മറികടക്കുവാന്‍ ബുദ്ധിമുട്ടിയെങ്കിലും ശുഭ്മന്‍ ഗില്ലിന്റെ ബാറ്റിംഗ് പ്രകടനത്തിൽ തങ്ങളുടെ പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി നിര്‍ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. വെങ്കടേഷ് അയ്യരെയും രാഹുൽ ത്രിപാഠിയെയും നഷ്ടമായ ശേഷം ശുഭ്മന്‍ ഗിൽ നേടിയ അര്‍ദ്ധ ശതകം ആണ് കൊല്‍ക്കത്തയുടെ വിജയം ഉറപ്പാക്കിയത്.
51 പന്തിൽ 57 റൺസ് നേടിയ ഗില്ലിന്റെ വിക്കറ്റാണ് കൊല്‍ക്കത്തയ്ക്ക് അടുത്തതായി നഷ്ടമായത്. 55 റൺസാണ് ഗില്ലും നിതീഷ് റാണയും കൂടി മൂന്നാം വിക്കറ്റിൽ നേടിയത്. ലക്ഷ്യം പത്ത് റൺസ് അകലെ നില്ക്കുമ്പോള് കൊല്‍ക്കത്തയ്ക്ക് 25 റൺസ് നേടിയ നിതീഷ് റാണയെയും നഷ്ടമായി. ജേസൺ ഹോള്‍ഡര്‍ക്കായിരുന്നു വിക്കറ്റ്.
അവസാന ഓവറിൽ ജയിക്കുവാന്‍ 3 റൺസായിരുന്നു കൊല്‍ക്കത്തയ്ക്ക് വേണ്ടിയിരുന്നത്. ദിനേശ് കാര്‍ത്തിക് 2 പന്ത് അവശേഷിക്കെ ടീമിന്റെ 6 വിക്കറ്റ് വിജയം ഉറപ്പാക്കുകയായിരുന്നു. 18 റൺസാണ് കാര്‍ത്തിക് 12 പന്തിൽ നേടിയത്.