ബാഴ്സലോണ, റയൽ,യുവന്റസ് ടീമുകൾക്കെതിരെ ശിക്ഷനടപടികൾ ഒഴിവാക്കിയതായി യുവേഫ പ്രഖ്യാപിച്ചു. ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച യൂറോപ്യൻ സൂപ്പർ ലീഗ് പ്രഖ്യാപനത്തിന് പിന്നാലെ ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ ഏറെ പ്രതിഷേധം ഉയർത്തിയിരുന്നു. യൂറോപ്പിലെ എലൈറ്റ് ക്ലബ്ബുകളുടെ യൂറോപ്യൻ സൂപ്പർ ലീഗ് സ്വപ്നം തകർന്നതിന് പിന്നാലെ വലിയ തോതിലുള്ള ശിക്ഷാനടപടികൾ വരുമെന്ന് യുവേഫ ആദ്യം സൂചന നൽകിയിരുന്നു. എന്നാൽ ഫൗണ്ടിംഗ് ക്ലബ്ബുകൾക്കെതിരെയുള്ള സാങ്ങ്ഷൻസ് പിൻവലിക്കാൻ മാഡ്രിഡ് കോടതി ഉത്തരവിട്ടതിനെ തുടർന്നാണ് യുവേഫ ഇതിൽ നിന്നും പിന്മാറിയത്. 2021 ഏപ്രിൽ 18നാണ് ഫുട്ബോൾ ലോകത്തെ ആകെ ഞെട്ടിച്ച് കൊണ്ട് യൂറോപ്യൻ സൂപ്പർ ലീഗിന്റെ അനൗൺസ്മെന്റ് നടന്നത്.
എന്നാൽ രണ്ട് ദിവസത്തിനുള്ളിൽ തന്നെ 6 പ്രീമിയർ ലീഗ് ടീമുകൾ പിന്മാറുകയും വമ്പൻ ക്ലബ്ബുകളുടെ യൂറോപ്യൻ സൂപ്പർ ലീഗ് മോഹങ്ങൾ തകരുകയും ചെയ്തു. ഏറെ വൈകാതെ ബാഴ്സലോണ, റയൽ മാഡ്രിഡ്, യുവന്റസ് എന്നീ ക്ലബുകൾ ഒഴികെ ബാക്കി 9 ക്ലബുകളും സൂപ്പർ ലീഗുമായി സഹകരിക്കില്ല എന്ന് അറിയിച്ചതായും തിരികെ യുവേഫ അസോസിയേഷനൊപ്പം ചേർന്നതായും യുവേഫ അറിയിക്കുകയും ചെയ്തു.