ജർമ്മനിയിൽ ബൊറുസിയ ഡോർട്ട്മുണ്ട് ആരാധകരോട് മാപ്പ് പറഞ്ഞ് കിറ്റ് സ്പോൺസർമാരായ പ്യൂമ. യൂറോപ്യൻ ചാമ്പ്യൻഷിപ്പിനായി പ്യൂമ ഇറക്കിയ സ്പെഷൽ കിറ്റാണ് വിവാദങ്ങൾക്ക് കാരണം. ബൊറുസിയ ഡോർട്ട്മുണ്ട് ബെസിക്താസിനെതിരെ ചാമ്പ്യൻസ് ലീഗിൽ ഇറങ്ങിയ കിറ്റിൽ ക്ലബ്ബിന്റെ ബാഡ്ജ് കാണാൻ ഇല്ലായിരുന്നു. മഞ്ഞ ജേഴ്സിയിൽ മഞ്ഞക്കളറിലായിരുന്നു ബാഡ്ജ്. ഇതേ തുടർന്ന് ശക്തമായ പ്രതിഷേധമാണ് ബൊറുസിയ ഡോർട്ട്മുണ്ട് ആരാധകർ നടത്തിയത്.
“ബൊറുസിയ ഡോർട്ട്മുണ്ട് ക്ലബ്ബിന്റെ ബാനർ നിങ്ങളുടെ ബോണസിനായി ഉപയോഗിക്കരുത് ” എന്ന ശക്തമായ താക്കീതാണ് ഡോർട്ട്മുണ്ട് ആരാധകർ മാർക്കറ്റിംഗ് ഡയറക്ടർക്ക് നൽകിയത്. ഇതിന് പിന്നാലെയാണ് പ്യൂമയുടെ മാപ്പ് പറച്ചിൽ. ഡോർട്ട്മുണ്ട്, സിറ്റി, മിലാൻ, മാഴ്സെ,ശക്തർ എന്നീ ടീമുകൾക്കും പ്യൂമ സ്പെഷൽ എഡിഷൻ യൂറോപ്യൻ കിറ്റ് ഇറക്കിയിരുന്നു. പ്യൂമയുടെ ചിഹ്നം ജേഴ്സിയുടെ നടുക്കും ക്ലബ്ബ് ബാഡ്ജ് കാണാൻ ഇല്ലാത്തതും ശക്തമായ പ്രതിഷേധമാണ് ഉയർത്തിയത്. ഗോൾ സെലിബ്രേഷനിടക്ക് ചുംബിക്കാൻ ക്ലബ്ബിന്റെ ബാഡ്ജ് തപ്പിയ താരത്തിന്റെ വീഡിയോയും വൈറലായിരുന്നു.