ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരത്തിൽ ഇന്റർ മിലാനെതിരെ അവസാന നിമിഷം ജയം കണ്ടത്തി റയൽ മാഡ്രിഡ്. മത്സരത്തിൽ ലേശം ആധിപത്യം ഇറ്റാലിയൻ ടീം കാഴ്ച വച്ച മത്സരത്തിൽ സമനില ഏതാണ്ട് ഉറപ്പിച്ച വിധമാണ് മത്സരം പുരോഗമിച്ചത്. എന്നാൽ 89 മിനിറ്റിൽ മോഡ്രിച്ചിനു പകരക്കാരൻ ആയി ഇറങ്ങിയ യുവ താരം എഡർഡോ കാമവിങ ഒരുക്കിയ ഗോൾ അവസരം ലക്ഷ്യത്തിൽ എത്തിച്ച മറ്റൊരു പകരക്കാരനായ യുവ താരം റോഡ്രിഗോ ആണ് റയലിന് വിജയം സമ്മാനിച്ചത്. വാസ്കസിന് പകരക്കാരൻ ആയി കളത്തിൽ ഇറങ്ങിയത് ആയിരുന്നു റോഡ്രിഗോ.
മത്സരത്തിൽ റയൽ ലക്ഷ്യത്തിലേക്ക് ഉതിർക്കുന്ന രണ്ടാമത്തെ മാത്രം ഷോട്ട് ആയിരുന്നു ഈ വിജയ ഗോൾ. കാമവിങയുടെ ബുദ്ധിപൂർവ്വമായ നീക്കമാണ് ഗോൾ അവസരം തുറന്നത്. മത്സരത്തിൽ റയലിനെക്കാൾ കുറവ് സമയമാണ് പന്ത് കൈവശം വച്ചത് എങ്കിലും ആക്രമണങ്ങൾ കൂടുതൽ നടത്തിയത് കഴിഞ്ഞ സീസണിനെക്കാൾ ശക്തി കുറഞ്ഞ ഇന്റർ ആയിരുന്നു. മത്സരത്തിൽ ലക്ഷ്യത്തിലേക്ക് 5 അടക്കം 18 ഷോട്ടുകൾ ആണ് ഇന്റർ മിലാൻ മത്സരത്തിൽ ഉതിർത്തത്. സീസണിൽ കാർലോ ആഞ്ചലോട്ടിക്ക് കീഴിൽ മികവ് തുടരുന്ന യുവ താരങ്ങളുടെ റയലിന് ചാമ്പ്യൻസ് ലീഗിലെ ജയം കൂടുതൽ ആത്മവിശ്വാസം പകരും എന്നുറപ്പാണ്.