പാരാ ഒളിമ്പിക്സിൽ പുരുഷന്മാരുടെ എസ്.എച്ച് 1 50 മീറ്റർ മിക്സഡ് പിസ്റ്റൾ ഇനത്തിൽ സ്വർണവും വെള്ളിയും നേടി ഇന്ത്യൻ താരങ്ങൾ. മനീഷ് നർവാൾ സ്വർണം നേടിയപ്പോൾ സിങ്കരാജ് അധാന വെള്ളി മെഡൽ നേടി. ഇതോടെ ഇന്ത്യയുടെ ടോക്കിയോ പാരാ ഒളിമ്പിക്സിലെ മെഡൽ നേട്ടം 15 ആയി, മൂന്നാം സ്വർണം ആണ് മനീഷ് നർവാൾ ഇന്ത്യക്ക് ആയി ഇന്ന് നേടിയത്. 19 വയസ്സുകാരനായ മനീഷ് 218.2 പോയിന്റുകളുമായി പുതിയ പാരാ ഒളിമ്പിക് റെക്കോർഡ് നേട്ടത്തോടെയാണ് സ്വർണം നേടിയത്.
216.7 പോയിന്റുകളും ആയാണ് സിങ്കരാജ് വെള്ളി മെഡൽ നേടിയത്. റഷ്യൻ പാരാ ഒളിമ്പിക് കമ്മിറ്റിയുടെ സെർജെയ് മലിശേവ് ആണ് ഈ ഇനത്തിൽ വെങ്കലം നേടിയത്. യോഗ്യതയിൽ ഏഴാം സ്ഥാനത്ത് നിന്നാണ് മനീഷ് സ്വർണ മെഡലിലേക്ക് എത്തിയത്. അതേസമയത്ത് യോഗ്യതയിൽ നാലാമത് ആയിരുന്നു സിങ്കരാജ്. ഇന്ത്യ 2 സ്വർണം ആണ് ഷൂട്ടിങിൽ ഇത് വരെ നേടിയത്. ഇതോടെ 15 മെഡലുകളുമായി ഇന്ത്യ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം ആണ് ടോക്കിയോയിൽ നടത്തിയത്.