ഫുട്ബോൾ ഇതിഹാസം ഗെർദ് മുള്ളർ അന്തരിച്ചു. 75 വയസ്സായിരുന്നു. അവസാന കുറച്ചു കാലമായി പല രോഗങ്ങളുമായി പൊരുതുകയായിരുന്നു ജർമ്മൻ ഇതിഹാസം. അദ്ദേഹത്തിന്റെ മുൻ ക്ലബായ ബയേൺ മ്യൂണിച്ച് മരണ വാർത്ത സ്ഥിരീകരിച്ചു. യൂറോപ്യൻ ഫുട്ബോളിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരിൽ ഒരാളാണ് മുള്ളർ. ബയേണിനായി 15 വർഷത്തിനിടെ 566 ഗോളുകൾ നേടിയ താരമാണ്.
ജർമ്മനിക്കു വേണ്ടി 62 മത്സരങ്ങളിൽ നിന്ന് 68 ഗോളുകൾ നേടാനും മുള്ളറിനായിരുന്നു. ബുണ്ടസ്ലിഗയിൽ അഭൂതപൂർവമായ 365 ഗോളുകൾ എന്ന റെക്കോർഡും മുള്ളറിന്റെ പേരിൽ ഉണ്ട്. 1964 മുതൽ 1979വരെ അദ്ദേഹം ബയേണു വേണ്ടി കളിച്ചിരുന്നു. ബയേണൊപ്പം 14 കിരീടങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്. ജർമ്മനിക്ക് ഒപ്പം 1974ലെ ലോകകപ്പും അദ്ദേഹം നേടി. 1970ൽ ബാലൻ ദി ഓർ പുരസ്കാരവും ഗെർദ് മുള്ളർ നേടി. 32 ബുണ്ടസ് ലീഗ ഹാട്രിക്ക് സ്വന്തം പേരിൽ ഉള്ള മുള്ളർ 7 തവണ ബുണ്ടസ് ലീഗ ടോപ് സ്കോറർ ആയി ലീഗ് ഫിനിഷ് ചെയ്തിട്ടുണ്ട്.