ടേബിൾ ടെന്നീസ്, ബാഡ്മിന്റൺ എന്നീ തങ്ങളുടെ പ്രധാന ഇനങ്ങളിലും അതിനു പുറമെ നീന്തലിലും ഇന്നു സ്വർണം കണ്ടത്തിയ ചൈന ഏഴാം ദിനവും മെഡൽ വേട്ടയിൽ ഒന്നാമത് തുടരുന്നു. ഇന്ന് നാലു സ്വർണം കൂടി കൂട്ടിച്ചേർത്ത അവർ നിലവിൽ 19 സ്വർണവും 10 വെള്ളിയും 11 വെങ്കലവും അടക്കം 40 മെഡലുകൾ നേടിയാണ് തങ്ങളുടെ ഒന്നാം സ്ഥാനം ഒന്നു കൂടി ഉറപ്പിച്ചത്. അതേസമയം രണ്ടാമത് തുടർന്ന് ആതിഥേയരായ ജപ്പാൻ. ഇന്ന് 2 സ്വർണം നേടിയ അവർ നിലവിൽ 17 സ്വർണവും 4 വെള്ളിയും 7 വെങ്കലവും അടക്കം 28 മെഡലുകൾ ആണ് നേടിയത്.
ഇന്ന് തങ്ങളുടെ കരുത്ത് ആയ നീന്തലിൽ ഒരു സ്വർണം പോലും നേടാൻ പോലും ആവാത്ത അമേരിക്ക മൂന്നാമത് തുടരുകയാണ്. 14 സ്വർണവും 16 വെള്ളിയും 11 വെങ്കലവുമാണ് അവർക്ക് സ്വന്തമായുള്ളത്. അതേസമയം 10 സ്വർണം തികച്ച റഷ്യൻ ഒളിമ്പിക് ടീം ആണ് മെഡൽ വേട്ടയിൽ നാലാം സ്ഥാനത്ത്. 9 സ്വർണവുമായി ഓസ്‌ട്രേലിയ അവർക്ക് തൊട്ടുപിന്നിലും ഉണ്ട്, ഓസ്‌ട്രേലിയ നേടിയ ഒമ്പതിൽ ആറു സ്വർണവും നീന്തൽ കുളത്തിൽ നിന്നുള്ളതാണ്. ഇന്ന് ഒരു വെങ്കലം കൂടി ഉറപ്പിച്ചു എങ്കിലും നിലവിൽ ഒരു വെള്ളി മെഡൽ മാത്രമുള്ള ഇന്ത്യ 51 സ്ഥാനത്താണ്. ഒരു ഒളിമ്പിക്‌സിൽ 3 സ്വർണ മെഡലുകൾ നേടുന്ന ആദ്യ അമ്പയ്ത്ത് താരവും കൊറിയൻ താരവും ആയി മാറിയ ആൻ സാൻ ആണ് വ്യക്തിഗത മികവിൽ 3 സ്വർണവുമായി മുന്നിൽ.