ഈ യൂറോയിൽ ഫുട്ബോൾ പ്രേമികൾ ചിലപ്പോൾ ഏറ്റവും കൂടുതൽ വിഷമിക്കുക സ്വീഡൻ പുറത്ത് പോയതിനാൽ ആയിരിക്കും. ചിലപ്പോൾ യൂറോയിൽ ഏറ്റവും മികച്ച ഫുട്ബോൾ കളിച്ച ടീം അത് സ്വീഡൻ തന്നെയാവും. ഗ്രൂപ്പ് ഘട്ടത്തിൽ സ്പെയിന് എതിരെ പ്രതിരോധ കോട്ട കെട്ടി തുടങ്ങിയ അവർ പിന്നീട് ഫുട്ബോൾ ആരാധകരുടെ മനം കവരുന്ന പ്രകടനം ആണ് നടത്തിയത്. സ്ലോവാക്യയെ ഫോർസ്ബർഗിന്റെ പെനാൾട്ടി ഗോളിൽ മറികടന്ന അവർ പോളണ്ടിനു എതിരെ പുറത്ത് എടുത്തത് സുന്ദര ഫുട്ബോൾ ആയിരുന്നു. 3-2 ജയം കണ്ട മത്സരത്തിൽ ഫോർസ്ബർഗിന്റെ ഇരട്ടഗോളുകളും അവസാന നിമിഷം ക്ലാസൻ നേടിയ വിജയഗോളും ആണ് അവർക്ക് ജയം സമ്മാനിച്ചത്. പ്രീ ക്വാർട്ടറിൽ ഉക്രൈൻ പോരാട്ട വീര്യത്തിന് മുന്നിൽ വീണു എങ്കിലും ഉക്രൈനെതിരെ സുന്ദരഫുട്ബോൾ ആണ് സ്വീഡൻ കളിച്ചത്. അധിക സമയത്ത് വില്ലൻ ആയി അവതരിച്ച ചുവപ്പ് കാർഡ് ഇല്ലായിരുന്നു എങ്കിൽ മത്സരം സ്വീഡൻ സ്വന്തമാക്കുമായിരുന്നു എന്നു പോലും പറയാം.
എന്നാൽ സ്വീഡൻ പുറത്ത് പോയി എന്ന യാഥാർത്ഥ്യത്തിലും തല ഉയർത്തി തന്നെയാണ് അവർ നാട്ടിലേക്ക് മടങ്ങുന്നത്. പ്രത്യേകിച്ച് എമിൽ ഫോർസ്ബർഗ്. സ്വീഡൻ നാലു മത്സരങ്ങളിൽ അടിച്ച അഞ്ചിൽ നാലു ഗോളുകളും അടിച്ച ആർ.ബി ലെപ്സിഗ് താരം അലക്സാണ്ടർ ഇസാക്കും ആയി ചേർന്നു സ്വീഡിഷ് മുന്നേറ്റത്തിന്റെ ജീവനായി. പലപ്പോഴും ഗോളുകൾക്ക് അപ്പുറം സ്വീഡിഷ് മധ്യനിര നിയന്ത്രിച്ച ഫോർസ്ബർഗിന്റെ കാലിൽ നിന്നാണ് ഏതാണ്ട് എല്ലാ സ്വീഡിഷ് മുന്നേറ്റവും പിറന്നത് എന്നു പോലും പറയാം. ഉക്രൈനു എതിരെ പ്രീ ക്വാർട്ടറിൽ രണ്ടാം പകുതിയിൽ ഫോർസ്ബർഗിന്റെ ഗോൾ എന്നുറച്ച രണ്ടു ഷോട്ടുകൾ ഒന്നു പോസ്റ്റിലും മറ്റൊന്ന് ബാറിലും തട്ടി മടങ്ങിയപ്പോൾ തകർന്നത് സ്വീഡന്റെ പ്രതീക്ഷകൾ കൂടിയാണ്. 4 ഗോളുകൾക്ക് അപ്പുറം കളത്തിലെ മികവ് കൂടി കണക്കിൽ എടുത്താൽ ഈ യൂറോയുടെ ഇത് വരെയുള്ള താരം എന്നു കൂടി 29 കാരനായ സ്വീഡിഷ് 10 നമ്പർ ജേഴ്സി അണിഞ്ഞ താരത്തെ വിശേഷിപ്പിക്കാവുന്നത് ആണ്. ഫുട്ബോൾ ആരാധകർക്ക് നിരാശ പകർന്നു സ്വീഡൻ യൂറോ കപ്പിൽ നിന്നു പുറത്ത് പോവുമ്പോൾ ജർമ്മനിയിൽ ലെപ്സിഗിന്റെ പ്രധാന താരമായ സ്വീഡിഷ് മധ്യനിരയിലെ യന്ത്രം ആയ ഫോർസ്ബർഗ് തല ഉയർത്തി തന്നെയാണ് ആണ് മടങ്ങുക. യൂറോയിൽ നിന്നു പുറത്ത് പോയെങ്കിലും ഫോർസ്ബർഗും ഈ സ്വീഡൻ ടീമും ചിലപ്പോൾ വരും വർഷങ്ങളിൽ അത്ഭുതം കാണിച്ചാൽ അതിൽ അതിശയിക്കാൻ ഒന്നുമില്ല എന്നു തന്നെ പറയേണ്ടി വരും കാരണം അതിനുള്ള സൂചനകൾ ആണ് അവർ ഈ യൂറോയിൽ നൽകിയത്.