യൂറോ കപ്പ് പ്രീക്വാർട്ടറിലെ അവസാന മത്സരത്തിൽ വിന്ന് സ്വീഡനും യുക്രൈനും നേർക്കുനേർ വരും. ഗ്രൂപ്പ് ഇയിലെ ഒന്നാം സ്ഥാനക്കാരായാണ് സ്വീഡൻ പ്രീക്വാർട്ടറിലേക്ക് എത്തുന്നത്. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ പോളണ്ടിനെതിരെ നാടകീയമായി അവസാന നിമിഷ ഗോളിലായിരുന്നു സ്വീഡൻ വിജയിച്ചത്. അവസാന നിമിഷത്തിൽ പോളണ്ടിനെതിരെ സ്വീഡൻ നേടിയ ഗോളാണ് യഥാർത്ഥത്തിൽ യുക്രൈന് പ്രീക്വാർട്ടർ യോഗ്യത നേടിക്കൊടുത്തത്.
യുക്രൈന്റെ ഗ്രൂപ്പ് ഘട്ടം അത്ര നല്ലതായിരുന്നില്ല. ആകെ മൂന്ന് പോയിന്റ് മാത്രമാണ് അവർക്ക് നേടാൻ ആയത്. ഭാഗ്യം തുണച്ചതു കൊണ്ട് പ്രീക്വാർട്ടറിൽ എത്തിയത് നല്ല പ്രകടനത്തിലൂടെ അവർക്ക് മുതലെടുക്കേണ്ടതുണ്ട്. 2012 യൂറോയിൽ സ്വീഡനും യുക്രൈനും നേർക്കുനേർ വന്നിരുന്നു. അന്ന് ഇപ്പോഴത്തെ യുക്രൈൻ പരിശീലകനായ ഷെവ്ചങ്കോയുടെ ഇരട്ട ഗോളുകളുടെ ബലത്തിൽ ഉക്രൈൻ വിജയിച്ചുരുന്നു.
യാർമലെങ്കോയുടെയും മലിനവോസ്കിയുടെയും ഒക്കെ ബൂട്ടിലാകും ഇന്ന് യുക്രൈൻ പ്രതീക്ഷ. സ്വീഡൻ നിരയിൽ അവസാന രണ്ട് കളിയിലും അവരുടെ ഹീറോ ആയ ഫോസ്ബെർഗാകും അവരുടെ ശക്തി. മികച്ച ഫോമിലുള്ള ഇസാകും ഒപ്പം അവസാന മത്സരത്തിൽ രണ്ടു അസിസ്റ്റുകൾ സബ്ബായി എത്തി സംഭാവന നൽകിയ കുളുസവേസ്കിയും യുക്രൈൻ ഡിഫൻസിന് ഭീഷണി ആകും. ഇന്ന് രാത്രി 12.30നാണ് മത്സരം നടക്കുന്നത്. കളി തത്സമയം സോണി നെറ്റ്വർക്കിൽ കാണാം.