യൂറോ കപ്പ് കിരീടം നിലനിർത്താൻ പോർച്ചുഗലിനായില്ല. സ്പെയിനിൽ ഇന്ന് നടന്ന പ്രീക്വാർട്ടർ പോരിൽ നിലവിലെ ചാമ്പ്യന്മാരെ ലോക ഒന്നാം നമ്പർ ടീമായ ബെൽജിയം ആണ് തിരിച്ചയച്ചത്. ഇന്ന് മറുപടിയില്ലാത്ത ഒരു ഗോളിനാണ് പോർച്ചുഗലിനെ ബെൽജിയം തോൽപ്പിച്ചത്. തോർഗാൻ ഹസാർഡിന്റെ ഒരു നിമിഷത്തെ മാജിക്ക് സ്ട്രൈക്ക് ആണ് ബെൽജിയത്തിന് വിജയം സമ്മാനിച്ചത്.
വലിയ മത്സരം ആയതു കൊണ്ട് തന്നെ ഇന്ന് സെവിയ്യയിൽ ഡിഫൻസിൽ ഊന്നിയ കളിയാണ് ആദ്യ പകുതിയിൽ കണ്ടത്. മത്സരത്തിന്റെ ആറാം മിനുട്ടിൽ തന്നെ പോർച്ചുഗലിന് ഒരു വലിയ അവസരം ലഭിച്ചു. റെനറ്റൊ സാഞ്ചേസിന്റെ മധ്യനിരയിൽ നിന്നുള്ള ഒരു നീക്കത്തിന് ഒടുവിൽ ജോടയ്ക്ക് സുന്ദര പാസിലൂടെ സാഞ്ചേസ് പന്ത് കൈമാറി. എന്നാൽ കിട്ടിയ നല്ല അവസരം ജോട മുതലെടുത്തില്ല. ലിവർപൂൾ താരത്തിന്റെ ഷോട്ട് ടാർഗറ്റിൽ നിന്ന് ഏറെ വിദൂരെയാണ് പോയത്. ഈ തുടക്കത്തിനു ഇരു ടീമുകളും കരുതലോടെയാണ് കളിച്ചത്.
27ആം മിനുട്ടിൽ പോർച്ചുഗലിന് ലഭിച്ച ഒരു ഫ്രീകിക്ക് റൊണാൾഡോ ആണ് എടുത്തത്. റൊണാൾഡോയുടെ പവർഫുൾ ഷോട്ട് തടയാൻ ബെൽജിയം കീപ്പർ കോർതോയ്ക്ക് ഫുൾ ലെങ്ത് ഡൈവ് ചെയ്യേണ്ടി വന്നു. ആദ്യ പകുതിയിലെ പോർച്ചുഗലിന്റെ ഏക ഷോട്ട് ഓൺ ടാർഗറ്റ് ഇത് മാത്രമായിരുന്നു. ഇരുടീമുകളും അവസരങ്ങൾ സൃഷ്ടിക്കാൻ ആദ്യ പകുതിയിൽ കഷ്ടപ്പെട്ടു. എങ്കിലും ആദ്യ പകുതി അവസാനിക്കാൻ 4 മിനുട്ട് മാത്രം ശേഷിക്കെ ബെൽജിയം ലീഡ് എടുത്തു.
ബോക്സിന് പുറത്ത് നിന്ന് ഒരു ചന്തം നിറഞ്ഞ് ഷോട്ടിലൂടെ തോർഗാൻ ഹസാർഡ് റുയി പ്ട്രിസിയോയെ കീഴ്പ്പെടുത്തി. പന്തിന്റെ വായുവിലെ മൂവ്മെന്റ് പട്രിസിയോയിൽ നിന്ന് പന്ത് അകറ്റി. ബെൽജിയത്തിന്റെ കളിയിലെ ആദ്യ അവസരമായിരുന്നു ഇത്.
രണ്ടാം പകുതിയിൽ തുടക്കത്തിൽ തന്നെ പരിക്ക കാരണം ബെൽജിയത്തിന് ഡിബ്രുയിനെ നഷ്ടമായി. അവസരങ്ങൾ സൃഷ്ടിക്കാൻ കഴിയാത്തതിനാൽ 55ആം മിനുട്ടിൽ ബ്രൂണോ ഫെർണാണ്ടസിനെയും ജാവോ ഫെലിക്സിനെയും ഇറക്കി പോർച്ചുഗൽ പൂർണ്ണമായും അറ്റാക്കിലേക്ക് മാറി. 58ആം മിനുട്ടിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ സൃഷ്ടിച്ച അവസരം മുതലെടുക്കാൻ ജോടയ്ക്ക് ആയില്ല. ജോടയുടെ ഷോട്ട് ഗോൾ പോസ്റ്റിന് മുകളിലൂടെ പുറത്തേക്ക് പോയി.
രണ്ടാം പകുതിയിൽ പന്ത് കൂടുതൽ സമയം കയ്യിൽ വെക്കാൻ ആയെങ്കിലും പോർച്ചുഗൽ അവസരങ്ങൾ സൃഷ്ടിക്കാൻ പ്രയാസപ്പെട്ടു. 81ആം മിനുട്ടിൽ ബ്രൂണോ ഫെർണാണ്ടസിന്റെ ഒരു കോർണറിൽ നിന്ന് റുബൻ ഡയസിന്റെ പവർ ഫുൾ ഷോട്ട് കോർതോ തടഞ്ഞു. ഇതിനു പിന്നാലെ ഗുറേറോയുടെ ഒരു ഷോട്ട് പോസ്റ്റിൽ കൂടെ തട്ടി മടങ്ങിയപ്പോൾ ഇത് തങ്ങളുടെ രാത്രിയല്ല എന്ന് പോർച്ചുഗൽ ആരാധകർക്ക് വരെ തോന്നിക്കാണും.
മത്സരത്തിന്റെ അവസാന നിമിഷങ്ങിൽ മരിച്ച് ഡിഫൻഡ് ചെയ്ത ബെൽജിയം വിജയം ഉറപ്പിക്കുക ആയിരുന്നു. വിജയത്തോടെ ക്വാർട്ടറിൽ എത്തിയ ബെൽജിയത്തെ അവിടെ കാത്തിരിക്കുന്നത് വമ്പന്മാരായ ഇറ്റലിയാണ്.