യൂറോ കപ്പിന്റെ പ്രീ ക്വാർട്ടർ ഫൈനലുകൾക്ക് ഇടയിലെ ഏറ്റവും വലിയ മത്സരത്തിൽ ഇന്ന് പോർച്ചുഗൽ ബെൽജിയത്തെ നേരിടാൻ ഇറങ്ങും. നിലവിലെ യൂറോ കപ്പ് ചാംപ്യന്മാരാണ് പോർച്ചുഗൽ എങ്കിൽ ഇപ്പോഴത്തെ ഫിഫ ലോക നമ്പർ വൺ ടീമാണ് ബെൽജിയം. ഗ്രൂപ്പിലെ എല്ലാ മത്സരങ്ങളും വിജയിച്ചാണ് ബെൽജിയം പ്രി ക്വാർട്ടറിലേക്ക് വരുന്നത്. റഷ്യയെയും ഡെന്മാർക്കിനെയും ഫിൻലാണ്ടിനെയും വലിയ പ്രയാസം ഇല്ലാതെ തന്നെ അവർ പരാജയപ്പെടുത്തി. കഴിഞ്ഞ് തവണത്തെ ലോകകപ്പിലെ സെമി ഫൈനലിസ്റ്റുകളായ ബെല്ജിയത്തിന് ഒരു കിരീടം ആവശ്യമാണ്. എന്നാൽ യൂറോ കപ്പിൽ ഇതുവരെ അവർ ക്വാർട്ടർ ഫൈനലിന് അപ്പുറം കടന്നിട്ടില്ല.
ലുകാകുവിന്റെയും ഡി ബ്രൂയിനിന്റെയും ഫോമിലാകും മാർട്ടിനസിന്റെ പ്രതീക്ഷ. ഫിറ്റ്നസ് വീണ്ടെടുത്ത ഈഡൻ ഹസാർഡ് ഇന്ന് അറ്റാക്കിൽ ഉണ്ടാകും. അനിയൻ തോർഗനും ആദ്യ ഇലവനിൽ ഉണ്ടാകും. മെർട്ടൻസും കരാസ്കോയും ബെഞ്ചിൽ ഇരിക്കാൻ ആണ് സാധ്യത.
ഗ്രൂപ്പ് എഫ് എന്ന മരണ ഗ്രൂപ്പ് കടന്നാണ് പോർച്ചുഗൽ എത്തുന്നത്. ജർമ്മനിക്ക് എതിരെ വലിയ പരാജയം നേരിട്ടു എങ്കിലും ഫ്രാൻസിന് എതിരെ അവസാന മത്സരത്തിൽ നടത്തിയ പ്രകടനം ടീമിന് പ്രതീക്ഷ നൽകുന്നതാണ്. ഇതിനകം തന്നെ അഞ്ചു ഗോളുകൾ നേടിയ റൊണാൾഡോ ആകും ഇന്നും പോർച്ചുഗൽ നിരയിലെ ശ്രദ്ധാ കേന്ദ്രം. പരിക്കേറ്റ സെമെഡോയും ഡാനിലോയും ഇന്ന് കളിക്കാൻ സാധ്യത കുറവാണ്. സെമെഡോക്ക് പകരം ഡാലോട്ട് കളത്തിൽ ഇറങ്ങിയേക്കും. ബ്രൂണോ ഫെർണാണ്ടസ് ഇന്നും ബെഞ്ചിൽ ഇരിക്കാനാണ് സാധ്യത. ഇന്ന് രാത്രി 12.30നാണ് മത്സരം നടക്കുക. കളി തത്സമയം സോണി ചാനലുകളിലും സോണി ലൈവ് ആപ്പിലും കാണാം. സ്പെയിനിലെ സേവിയ്യയിൽ വെച്ചാണ് മത്സരം നടക്കുന്നത്.