ഇന്ന് യൂറോ കപ്പിൽ നടക്കുന്ന പ്രി ക്വാർട്ടർ മത്സരത്തിൽ ഫ്രാങ്ക് ഡി ബോറിന്റെ ഹോളണ്ട് ചെക്ക് റിപ്പബ്ലിക്കിന് എതിരെ ഇറങ്ങുകയാണ്. ഗ്രൂപ്പ് സി ചാമ്പ്യന്മാരായി എത്തുന്ന ഹോളണ്ടിന് ചെക്ക് പറയാൻ ജറുസലേവി സിൽവാഹിയുടെ ചെക്കിന് ആകുമോ എന്നതാണ് ഫുട്‌ബോൾ പ്രേമികൾ ഉറ്റുനോക്കുന്നത്. ഗ്രൂപ്പിൽ മൂന്ന് മത്സരങ്ങളും വിജയിച്ചാണ് ഓറഞ്ച് പട എത്തുന്നത്. ഫ്രാങ്ക് ഡി ബോറിന്റെ പരിശീലനത്തിൽ പലരും അതൃപ്തി പ്രകടിപ്പിച്ചിരുന്നു എങ്കിലും അവരുടെയൊക്കെ വായടപ്പിക്കുന്ന പ്രകടനം ആണ് ഹോളണ്ട് ഗ്രൂപ്പ് ഘട്ടത്തിൽ നടത്തിയത്. ഉക്രൈന് എതിരെ വന്ന ഡിഫൻസീവ് പിഴവുകൾ ഒഴിച്ചാൽ അവർക്ക് കാര്യമായ പ്രശ്നങ്ങൾ ഒന്നും ഗ്രൂപ്പ് ഘട്ടത്തിൽ നേരിടേണ്ടി വന്നില്ല. പ്രധാന താരം ഡിപായും ക്യാപ്റ്റൻ വൈനാൾദവും മികച്ച ഫോമിൽ ഉള്ളത് ഹോളണ്ടിന് കരുത്തേകുന്നു.
ദംഫ്രെയ്‌സും മികച്ച ഫോമിലാണ്. ഡിപായ്ക്ക് ഒപ്പം ആരെ അറ്റാക്കിൽ ഇറക്കും എന്നത് മാത്രമാകും ഡി ബോറിന്റെ തലവേദന. മലനാകും വിഗോർസ്റ്റാകുമോ ആദ്യ ഇലവനിൽ ഉണ്ടാവുക എന്നത് കണ്ടറിയണം. പരിക്കേറ്റ സ്‌ട്രൈക്കർ ഡിയോങ് ഇന്ന് ഹോളണ്ടിന് ഒപ്പം ഇന്ന് ഉണ്ടാകില്ല. ചെക്ക് റിപ്പബ്ലിക്കിന് മാർട്ടിൻ ഡി റൂൻ ഇന്ന് ആദ്യ ഇലവനിൽ തിരികെയെത്തും. രണ്ടു മഞ്ഞ കാർഡ് കിട്ടിയ ജാൻ ബോറിൽ ഇന്ന് ചെക്കിനൊപ്പം ലെഫ്റ്റ് ബാക്കായി ഉണ്ടാവുക. ഗ്രൂപ്പ് ഡിയിൽ മൂന്നാം സ്ഥാനക്കാരായാണ് ചെക്ക് പ്രീ ക്വാർട്ടറിൽ എത്തിയത്. അവർ ആകെ ഇംഗ്ലണ്ടിനോട് മാത്രമാണ് പരാജയപ്പെട്ടത്. അവസാന രണ്ടു തവണ ഹോളണ്ടിനെ നേരിട്ടപ്പോഴും ചെക്ക് റിപ്പബ്ലിക്ക് വിജയിച്ചിരുന്നു. 2004ൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ 3-2ന്റെ ത്രില്ലർ ചെക്ക് വിജയിച്ചത് ഫുട്‌ബോൾ പ്രേമികളുടെ ഓർമയിൽ ഇന്നും ഉണ്ടാകും.
ഇന്ന് രാത്രി 9.30നാണ് മത്സരം നടക്കുന്നത്. കളി തത്സമയം സോണി നെറ്റ്വർക്കിൽ കാണാം.