യൂറോ കപ്പ് മരണ ഗ്രൂപ്പ് ആയ ഗ്രൂപ്പ് എഫിൽ ഇന്ന് സൂപ്പർ പോരാട്ടം. ലോക ജേതാക്കൾ ആയ ഫ്രാൻസും യൂറോ കപ്പ് ജേതാക്കൾ ആയ പോർച്ചുഗല്ലും നേർക്കുനേർ വരുമ്പോൾ അത് ഇരു ടീമുകൾക്കും വളരെ നിർണായകമായ പോരാട്ടം ആവും പ്രത്യേകിച്ച് പോർച്ചുഗൽ ടീമിന്. കഴിഞ്ഞ യൂറോ കപ്പ് ഫൈനലിന്റെ ആവർത്തനം ആയ ഈ മത്സരത്തിൽ വലിയ നിലക്കുള്ള പരാജയം ഒഴിവാക്കാൻ ആയാൽ പോർച്ചുഗൽ അടുത്ത റൗണ്ടിലേക്ക് മുന്നേറും എന്നുറപ്പാണ്. അതേസമയം ഗ്രൂപ്പിൽ നിലവിൽ 4 പോയിന്റുകളും ആയി ഒന്നാമതുള്ള ഫ്രാൻസിന് മത്സരത്തിൽ എന്ത് സംഭവിച്ചാലും അടുത്ത റൗണ്ട് ഉറപ്പിക്കാം. കഴിഞ്ഞ കളിയിൽ ജർമ്മനിയോട് വലിയ തോൽവി വഴങ്ങിയ പോർച്ചുഗല്ലിനും ഹംഗറിയോട് അപ്രതീക്ഷിത സമനില വഴങ്ങിയ ഫ്രാൻസിനും ഇത് ആത്മവിശ്വാസം വീണ്ടെടുക്കാനുള്ള പോരാട്ടം കൂടിയാണ്. ഗ്രൂപ്പിൽ നിലവിൽ 3 പോയിന്റുകളും ആയി മൂന്നാമത് ഉള്ള പോർച്ചുഗല്ലിന് ജയം ഗ്രൂപ്പിൽ ഒന്നാമത് ആവാനുള്ള അവസരം കൂടിയാണ് അതേസമയം വലിയ പരാജയം ഒഴിവാക്കാൻ ആയാലും അവർക്ക് മുന്നേറാം. അതേസമയം ഗ്രൂപ്പിൽ മറ്റെ മത്സരത്തിൽ ഹംഗറിയെ നേരിടുന്ന ജർമനിക്കും സമാനമാണ് കാര്യങ്ങൾ. സ്വന്തം നാട്ടിൽ അലിയാൻസ് അറീനയിൽ ഹംഗറിക്ക് മേൽ വലിയ ജയം ആണ് ജർമ്മനി പ്രതീക്ഷിക്കുന്നത്.
ഹംഗറിയിൽ പുഷ്കാസ് അറീനയിൽ ഫ്രാൻസിനെ നേരിടുമ്പോൾ 2016 ലെ ഫൈനൽ ആവർത്തിക്കാൻ ആവും പോർച്ചുഗൽ ശ്രമം. എന്നാൽ പരസ്പരം ഏറ്റുമുട്ടിയ കഴിഞ്ഞ 13 മത്സരങ്ങളിൽ ഈ മത്സരത്തിൽ മാത്രം ആണ് പോർച്ചുഗൽ ജയിച്ചത് ബാക്കി 11 ൽ അവർ തോൽവി വഴങ്ങി. ഇതിനു മുമ്പ് വലിയ ടൂർണമെന്റിൽ 4 തവണ ഏറ്റുമുട്ടിയപ്പോൾ 3 തവണയും ജയം ഫ്രാൻസിന് ഒപ്പമായപ്പോൾ 2016 യൂറോപ്യൻ ഫൈനൽ പോർച്ചുഗൽ ജയിച്ചു. ഇത് വരെ ഒരിക്കൽ പോലും ഫ്രാൻസിന് എതിരെ ഗോൾ നേടാൻ പോർച്ചുഗൽ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ആയിട്ടില്ല. നിലവിൽ ലോകകപ്പ്, യൂറോ കപ്പ് എന്നിവയിൽ ജർമ്മനിയുടെ മിറോസ്ലാവ് ക്ളോസെക്ക് ഒപ്പം ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം(19) ആണ് റൊണാൾഡോ. എന്നാൽ ഇത് വരെ കളിച്ച ആറു കളികളിൽ ഒരിക്കൽ പോലും ഫ്രാൻസിന് എതിരെ ഗോൾ നേടാൻ റൊണാൾഡോക്ക് ആയിട്ടില്ല. അതേസമയം ലോകകപ്പ്, യൂറോ കപ്പ് എന്നിവയിൽ 11 ഗോളുകളുള്ള അന്റോണിയോ ഗ്രീസ്മാനും പരിചയസമ്പന്നനായ കരിം ബെൻസേമയും യുവ സൂപ്പർ കിലിയൻ എംബപ്പെയും അടങ്ങുന്ന മുന്നേറ്റം ആണ് ഫ്രാൻസിന്റെ ശക്തി. ഒപ്പം കാന്റെ, പോഗ്ബ എന്നിവർ അടങ്ങുന്ന മധ്യനിര, വരാനെ, കിമ്പപ്പെ എന്നിവർ നയിക്കുന്ന പ്രതിരോധം എന്നിവയും സുശക്തമാണ്. അതേസമയം റൊണാൾഡോ തന്നെയാണ് പറങ്കിപ്പടയുടെ ഏറ്റവും വലിയ പ്രചോദനം. ഒപ്പം ജോട്ട, ബ്രൂണോ ഫെർണാണ്ടസ്, ബെർണാഡോ സിൽവ എന്നിവർ അടങ്ങുന്ന വമ്പൻ താരനിരയും അവർക്ക് ഉണ്ട്. റൂബൻ ഡിയാസ് നയിക്കുന്ന പ്രതിരോധം ശക്തമാണ് എങ്കിലും ജർമനിക്ക് എതിരെ സംഭവിച്ച പോലെ പ്രതിരോധത്തിൽ വിള്ളൽ വീണാൽ പോർച്ചുഗല്ലിന് അത് വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കും.
പോർച്ചുഗല്ലിനെ വിറപ്പിച്ച, ഫ്രാൻസിനെ സമനിലയിൽ കുടുക്കിയ ഹംഗറിയെ സ്വന്തം മണ്ണിൽ വലിയ വ്യത്യാസത്തിൽ തോൽപ്പിക്കാൻ ആവും ജർമ്മൻ ശ്രമം. 1954 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ മാജിക് മക്യാറുകൾ എന്നു പേരു കേട്ട ഹംഗറിയോട് 8-3 തകർന്നടിഞ്ഞ ജർമ്മനി(പശ്ചിമ) പക്ഷെ ഫൈനലിൽ അതേ ഹംഗറിയെ 3-2 നു മറികടന്നു കിരീടം ഉയർത്തിയിരുന്നു. സമീപകാലത്ത് ഹംഗറിക്ക് മേൽ വലിയ ആധിപത്യവും ജർമനിക്ക് ഉണ്ട്. റോളണ്ട് സല്ലായി മുന്നേറ്റം നയിക്കുന്ന ഹംഗറിക്ക് ഇത്തവണ ആദ്യമായി സ്വന്തം നാട്ടുകാരുടെ പിന്തുണ ഇല്ലാതെ കളിക്കേണ്ടി വരും. അതിനാൽ ഇത് മുതലെടുത്ത് വലിയ ജയം ആവും ജർമ്മനി ലക്ഷ്യം വക്കുക. ഫ്രാൻസിനോട് തോറ്റെങ്കിലും പോർച്ചുഗല്ലിനെ തകർത്ത പ്രകടനം പുറത്ത് എടുക്കാൻ ആവും അവരുടെ ശ്രമം. ഉഗ്രൻ ഫോമിൽ കളിക്കുന്ന റോബിൻ ഗോസൻസ്, കായ് ഹാവർട്ട്സ് എന്നിവർക്ക് ഒപ്പം സെർജ് ഗാനാബ്രിയും ഉണ്ട്. എന്നാൽ തോമസ് മുള്ളർ ചിലപ്പോൾ കളിക്കില്ല എന്നത് അവർക്ക് ചെറിയ തിരിച്ചടി ആവും.
ജോഷുവ കിമ്മിച്ച്, ഗുണ്ടഗോൻ, ടോണി ക്രൂസ് എന്നിവർ അടങ്ങിയ മധ്യനിര വളരെ മികച്ച പ്രകടനം ആണ് പോർച്ചുഗല്ലിന് എതിരെ പുറത്ത് എടുത്തത്. മികവ് പുലർത്തുന്നത് ആണ് ഹമ്മൽസ്, റൂഡിഗർ, ഗിന്റർ എന്നിവർ അടങ്ങുന്ന പ്രതിരോധം പക്ഷെ നിലവിൽ 2 കളികളിൽ 3 ഗോളുകൾ ആണ് വഴങ്ങിയത്. ന്യൂയറിന്റെ വല ഹംഗറിക്ക് എതിരെ കുലുങ്ങാതെ നോക്കാൻ തന്നെയാവും ഇവരുടെ ശ്രമം. സാനെ, ഗോർട്ടെസ്ക, വെർണർ എന്നിവർക്ക് ചിലപ്പോൾ ഹംഗറിക്ക് എതിരെ ജോക്വിം ലോ അവസരം നൽകാനും സാധ്യതയുണ്ട്. നിലവിൽ ഗ്രൂപ്പിൽ 3 പോയിന്റുകളും ആയി രണ്ടാമതുള്ള ജർമനിക്ക് സമനില പോലും അടുത്ത റൗണ്ട് ഉറപ്പിക്കും അതേസമയം ഒരു അട്ടിമറി ജയം മാത്രമേ ഹംഗറിക്ക് മുന്നോട്ടുള്ള വഴി തുറക്കുകയുള്ളൂ. പോർച്ചുഗൽ ഫ്രാൻസിനെ തോൽപ്പിക്കുകയോ സമനിലയിൽ തളക്കുകയോ ചെയ്താൽ ഹംഗറിക്ക് എതിരായ ജയം ജർമനിക്ക് ഗ്രൂപ്പിലെ ആദ്യ സ്ഥാനം നൽകും. അതിനാൽ തന്നെ ഹംഗറിക്ക് മേൽ വലിയ ജയം നേടാൻ ആയിരിക്കും ജർമ്മൻ ശ്രമം. അതേസമയം വലിയ തോൽവി ഒഴിവാക്കിയാൽ അടുത്ത റൗണ്ട് ഉറപ്പിക്കാൻ ആവും എങ്കിലും ഗ്രൂപ്പിൽ ഒന്നോ രണ്ടോ സ്ഥാനം നേടാൻ ജയം സഹായിക്കും എന്നതിനാൽ 2016 യൂറോ കപ്പ് ഫൈനലിൽ എന്ന പോലെ ഒരു ജയം ഫ്രാൻസിന് മേൽ നേടാൻ ആയിരിക്കും പോർച്ചുഗൽ ശ്രമിക്കുക.