പ്രിയ ഡെന്മാർക്ക്, ഫുട്ബോൾ പ്രേമികളുടെ മുഴുവൻ വികാരങ്ങളും നിങ്ങൾ കൊണ്ടു പോവുകയാണോ?
അവസാന രണ്ടാഴ്ചകളിൽ ഫുട്ബോൾ പ്രേമികൾ ഡെന്മാർക്കിനായി കരഞ്ഞു, ഡെന്മാർക്കിനെ ഓർത്ത് അഭിമാനിച്ചു, ഡെന്മാർക്കിന്റ കളി കണ്ട് കണ്ണു നിറഞ്ഞു.. പറഞ്ഞറിയിക്കാൻ പറ്റാത്ത രീതിയിൽ ഫുട്ബോൾ പ്രേമികളുടെ മനസ്സിൽ ഡെന്മാർക്കിനെ നിറച്ച ദിവസങ്ങളാണ് കടന്നുപോയത്. ഇന്ന് കോപൻ ഹേഗനിൽ കണ്ട ഡെന്മാർക്ക് പ്രകടനം ഒരു കാവ്യനീതിയാണെന്ന് തോന്നി.
ഫിൻലാൻഡിനെതിരായ ഡെന്മർക്കിന്റെ ടൂർണമെന്റിലെ ആദ്യ ദിവസം ആരും മറക്കില്ല. ഡെന്മാർക്ക് അനായാസം വിജയിക്കുമെന്ന് എല്ലാവരും കരുതിയ മത്സരം. അതിനിടയിൽ ഫുട്ബോൾ ലോകത്തെ ആശങ്കയിലാക്കി എറിക്സൺ ഗ്രൗണ്ടിൽ വീണതും അത് ഡെന്മാർക്ക് താരങ്ങളെ എങ്ങനെ ബാധിച്ചു എന്നതും അന്നത്തെ മത്സരത്തിന്റെ ബാക്കി നിമിഷങ്ങളിൽ കണ്ടതാണ്. അന്ന് ഫിൻലാൻഡിനോടും പിന്നാലെ ബെൽജിയത്തോടും ഡെന്മാർക്ക് പരാജയപ്പെട്ടു. ഈ യൂറോ ഡെന്മാർക്കിന് സങ്കടത്തിന്റേത് മാത്രമാണ് എന്ന് വിലയിരുത്തപ്പെട്ടു. ഡെന്മാർക്ക് പ്രീക്വാർട്ടറിലേക്ക് പൊരുതി കയറും എന്ന് ആരും കാര്യമായി പ്രതീക്ഷിച്ചില്ല.
എന്നാൽ എറിക്സൺ ആശുപത്രി വിട്ടതും റഷ്യക്ക് എതിരായ മത്സരത്തിന് മുന്നോടിയായി തന്റെ സഹാതാരങ്ങളോട് സംസാരിച്ചതും ഡെന്മാർക്ക് ക്യാമ്പിൽ തന്നെ വലിയ മാറ്റങ്ങൾ ഉണ്ടാക്കി. സ്വന്തം ജനത ഈ ഒമ്പതു ദിവസങ്ങളിൽ അനുഭവിച്ച വേദനകളിൽ നിന്ന് ആശ്വാസം അർഹിക്കുനുണ്ട് എന്ന് ഡെന്മാർക്ക് താരങ്ങൾ തന്നെ മനസ്സിൽ ഉറപ്പിച്ചു. ഇന്ന് ഡെന്മാർക്ക് ആരാധകരെ സാക്ഷിയാക്കി കൊണ്ട് ഡെന്മാർക്ക് എല്ലാം മറന്നു കളിച്ചു. റഷ്യ ഡെന്മാർക്കിന്റെ പോരാട്ട വീര്യത്തിനു മുന്നിൽ ചാരമായെന്ന് പറയാം. 4-1ന്റെ വിജയവും പ്രീക്വാർട്ടറും. ഇന്ന് ക്രിസ്റ്റ്യൻസന്റെ ആ സ്ക്രീമർ ഡെന്മാർക്കിന്റെ വിജയം ഉറപ്പിച്ച മൂന്നാം ഗോളായി മാറിയപ്പോൾ എഴുന്നേറ്റു നിന്ന രോമങ്ങൾ ഫുട്ബോൾ എന്നത് ഒരു വലിയ കുടുംബമാണെന്ന് തോന്നിപ്പിച്ചു.
ഇനി ഡെന്മാർക്ക് എവിടേക്ക് പോകുമെന്നോ എന്ത് വിജയിക്കുമോ എന്നത് ഒന്നും ഇപ്പോൾ പ്രസ്ക്തമല്ല. ഇത് എറിക്സണും ഡെന്മാർക്കും അവർക്കായി തുടിച്ച ഒരോ മനസ്സും ആഗ്രഹിക്കുന്ന പ്രകടനമായിരുന്നു. ഡെന്മാർക്കിനും ഫുട്ബോളിനും നന്ദി.