യൂറോ കപ്പിൽ ഗ്രൂപ്പ് ഡിയിൽ ഇന്ന് അവസാന പോരാട്ടങ്ങൾ നടക്കും. ഇംഗ്ലണ്ട് ഇന്ന് ചെക്ക് റിപബ്ലികിനെയും ക്രൊയേഷ്യ ഇന്ന് സ്കോട്ട്‌ലൻഡിനെയും നേരിടും. ഗ്രൂപ്പിൽ നാലു ടീമുകൾക്കും ഇപ്പോഴും പ്രീക്വാർട്ടർ പ്രതീക്ഷയുണ്ട്. 4 പോയിന്റുമായി ചെക്ക് റിപബ്ലിക് ഒന്നാമതും നാലു പോയിന്റ് തന്നെയുള്ള ഇംഗ്ലണ്ട് രണ്ടാമതുമാണ് ഉള്ളത്. ഇന്ന് ഇംഗ്ലണ്ടും ചെക്ക് റിപബ്ലിക്കും തമ്മിലുള്ള മത്സരം സമനിലയിൽ ആയാൽ ഇരു ടീമുകളും ആദ്യ രണ്ടു സ്ഥാനക്കാരായി പ്രീക്വാർട്ടറിൽ കടക്കും.
ക്രൊയേഷ്യയെ തോൽപ്പിച്ച് കൊണ്ട് ടൂർണമെന്റ് ആരംഭിച്ച ഇംഗ്ലണ്ട് കഴിഞ്ഞ മത്സരത്തിൽ സ്കോട്ലൻഡിനോട് സമനില വഴങ്ങിയിരുന്നു. രണ്ടു മത്സരങ്ങളിലും അവസരങ്ങൾ സൃഷ്ടിക്കാൻ ഇംഗ്ലണ്ട് കഷ്ടപ്പെടുന്നതാണ് കണ്ടത്. സൗത്ഗേറ്റിന്റെ ടീം തിരഞ്ഞെടുപ്പും കെയ്നിനെ പോലുള്ളവരുടെ പ്രകടനങ്ങളും വലിയ വിമർശനം ഏറ്റുവാങ്ങുന്നുണ്ട്. ഇന്ന് കാര്യമായ മാറ്റങ്ങളുമായാകും ഇംഗ്ലണ്ട് ഇറങ്ങുക.
ചെക്ക് റിപബ്ലികിന് ഇതുവരെ മികച്ച ഒരു ടൂർണമെന്റാണ്. ക്രൊയേഷ്യക്ക് എതിരെയും സ്കോട്ലൻഡിനെതിരെയും മികച്ച പ്രകടനം കാഴ്ചവെക്കാൻ അവർക്കായി. വിജയിച്ച് ഒന്നാം സ്ഥാനക്കാരായി ഗ്രൂപ്പ് കടക്കാൻ ആകും ചെക്ക് റിപ്പബ്ലിക് ശ്രമിക്കുക. പാട്രിക്ക് ഷിക്കിൽ തന്നെയാകും ചെക്കിന്റെ ഇന്നത്തെയും പ്രതീക്ഷ.
ഗ്രൂപ്പിൽ മൂന്നാമതുള്ള ക്രൊയേഷ്യക്കും നാലാമതുള്ള സ്കോട്ലൻഡിനും ഒരു പോയിന്റ് വീതമാണ് ഉള്ളത്. ഇരു ക്ലബുകൾക്ക് ഇന്ന് വിജയിച്ചാലെ എന്തെങ്കിലും പ്രതീക്ഷ ബാക്കിയുണ്ടാകു. മികച്ച മൂന്നാം സ്ഥാനക്കാരാവണമെങ്കിൽ വരെ ഇരു ടീമുകൾക്കും വിജയം അത്യാവശ്യമാണ്. കഴിഞ്ഞ ലോകകപ്പ് റണ്ണേഴ്സ് അപ്പായ ക്രൊയേഷ്യക്ക് ഇത് നിരാശയാർന്ന ടൂർണമെന്റാണ് ഇതുവരെ. സ്കോട്ലൻഡിന് ഇംഗ്ലണ്ടിനെതിരായ പ്രകടനം പ്രതീക്ഷ നൽകുന്നുണ്ട്. രണ്ട് മത്സരങ്ങളും ഇന്ന് രാത്രി 12.30നാണ്. കളി തത്സമയം സോണി നെറ്റ്വർക്കിൽ കാണാം.