മരണ ഗ്രൂപ്പ് എന്ന് ഗ്രൂപ്പ് എഫിനെ പറയുന്നത് വെറുതെയല്ല. മൂന്ന് വലിയ ടീമുകൾ ഒപ്പം ആരെയും അട്ടിമറിക്കാൻ കഴിവുള്ള ടീമാണ് ഹംഗറി എന്ന് നേരത്തെ തന്നെ ഫുട്ബോൾ പ്രേമികൾ വിലയിരുത്തിയിരുന്നു. ആ ഹംഗറി ഇന്ന് ലോക ചാമ്പ്യന്മാരെ തന്നെ സമനിലയിൽ പിടിച്ചിരിക്കുകയാണ്. ഫ്രാൻസിനെ ഇന്ന് ബുഡാപെസ്റ്റിൽ 1-1 എന്ന സമനിലയിലാണ് ഹംഗറി പിടിച്ചത്. ഈ സമനില ഗ്രൂപ്പിന്റെ ചിത്രം തന്നെ മാറ്റിമറിച്ചു.
ഹംഗേറിയൻ ആരാധകർക്ക് മുന്നിൽ ഫ്രാൻസിന്റെ അറ്റാക്കുകളുമയാണ് ഇന്ന് മത്സരം ആരംഭിച്ചത്. മത്സരത്തിന്റെ പത്താം മിനുട്ടിലാണ് ആദ്യമായി ഫ്രാൻസ് ഹംഗറി ഗോൾ കീപ്പർ ഗുലാക്സിയെ പരീക്ഷിച്ചത്. ബെൻസീമയുടെ ഷോട്ടും അതിനു പിന്നാലെ വന്ന ഗ്രീസ്മന്റെ റീബൗണ്ടും ഗുലാക്സി സമർത്ഥമായി തടഞ്ഞു. ഇതിനു പിന്നാലെ 17ആം മിനുട്ടിൽ ഡീനെയുടെ ക്രോ ഇടതു വിങ്ങിൽ നിന്ന് വന്നു. അതിനു തലവെച്ച എമ്പപ്പെയ്ക്ക് പക്ഷേ ഹെഡർ ടാർഗറ്റിലേക്ക് എത്തിക്കാൻ ആയില്ല.
ആദ്യ പകുതിയിലെ ഏറ്റവും മികച്ച അവസരം ലഭിച്ചത് ബെൻസീമക്ക് ആയിരുന്നു. 31ആം മിനുട്ടിൽ എമ്പപ്പെയുടെ ഫ്ലിക്ക് പാസ് സ്വീകരിച്ച് ബെൻസീമ എടുത്ത ഹാഫ് വോളി പക്ഷെ ടാർഗറ്റിൽ ആയില്ല. കളി ഫ്രാൻസിന്റെ ആക്രമണങ്ങളുമായി മുന്നേറുന്നതിന് ഇടയിലാണ് ഹംഗറി എല്ലാവരെയും ഞെട്ടിച്ച് ഗോൾ നേടിയത്. അവരുടെ ആദ്യ അറ്റാക്കിംഗ് ശ്രമത്തിന് ഒടുവിൽ വിങ്ബാക്കായ അറ്റില ഫിയോള ആണ് ഹംഗറിക്ക് ലീഡ് നൽകിയത്. പവാർടിന്റെ ക്ലിയറൻസ് കൈക്കലാക്കി ആയിരുന്നു ഹംഗറിയുടെ ഗോളിലേക്കുള്ള മുന്നേറ്റം. ഹാഫ് ടൈമിന് തൊട്ടു മുമ്പായിരുന്നു ഈ ഗോൾ.
രണ്ടാം പകുതിയിൽ കൂടുതൽ ആക്രമണത്തിലേക്ക് തിരിഞ്ഞ ഫ്രാൻസ് ഡെംബലയെയും രംഗത്ത് ഇറക്കി. ഡെംബലെ തനിക്ക് കിട്ടിയ ആദ്യ അവസരത്തിൽ തന്നെ ഗോൾ പോസ്റ്റ് വിറപ്പിച്ച ഷോട്ട് എടുത്തു. ഇതിനു പിന്നാലെ ഫ്രാൻസിന്റെ തുടർ ആക്രമണങ്ങൾ വന്നു. 66ആം മിനുട്ടിൽ ഫ്രാൻസ് സമനില ഗോൾ നേടി. എമ്പപ്പെ നടത്തിയ മുന്നേറ്റത്തിന് ഒടുവിൽ ഗ്രീസ്മനാണ് സമനില ഗോൾ നേടിയത്. 2016 യൂറോയിലെ ടോപ് സ്കോറർ ആയിരുന്ന ഗ്രീസ്മന്റെ ഈ ടൂർണമെന്റിലെ ആദ്യ ഗോളാണിത്.
ഫ്രാൻസ് ആണ് രണ്ടാം പകുതിയിൽ കൂടുതൽ ആക്രമണങ്ങൾ നടത്തിയത് എങ്കിലും ഇടക്ക് കൗണ്ടറുകളിലൂടെ ഹംഗറിയും പ്രത്യാക്രമണങ്ങൾ നടത്തുന്നുണ്ടായിരുന്നു. വിജയ ഗോളിനായി ഫ്രാൻസ് ജിറൂഡിനെയും ടൊളീസോയെയും കളത്തിൽ എത്തിച്ചു. 81ആം മിനുട്ടിൽ ജിറൂദിന്റെ പാസ് സ്വീകരിച്ച് എമ്പപ്പെ എടുത്ത ഇടം കാലൻ ഷോട്ട് ഗുലാക്സി തടഞ്ഞു. ഇതിനു പിറകെയും ഫ്രഞ്ച് അറ്റാക്കുകൾ വന്നെങ്കിലും അവസാനം വരെ പൊരുതി വിലപിടിപ്പുള്ള ഒരു പോയിന്റ് സ്വന്തമാക്കാൻ ഹംഗറിക്കായി.
ഈ സമനില മരണ ഗ്രൂപ്പിനെ കൂടുതൽ കൗതുകകരമായ അവസ്ഥയിൽ എത്തിച്ചിരിക്കുകയാണ്. ഫ്രാൻസ് നാലു പോയിന്റുമായി ഒന്നാമത് നിൽക്കുക ആണെങ്കിലും അവസാന മത്സരത്തിൽ അവർക്ക് പോർച്ചുഗലിനെ ആണ് നേരിടേണ്ടത്. ഈ സമനില ഹംഗറിയുടെ പ്രീക്വാർട്ടർ സാധ്യതകൾ നില നിർത്തുകയും ചെയ്യും. അവരുടെ ആദ്യ പോയിന്റാണിത്.