ലുകാകു മാജിക്ക്!! റഷ്യൻ പ്രതിരോധം തകർത്ത് ബെൽജിയം തുടങ്ങി!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

യൂറോ കപ്പിലെ ഫേവറിറ്റ്സുകളിൽ ഒന്നായ ബെൽജിയത്തിന് വിജയ തുടക്കം. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ റഷ്യയെ നേരിട്ട ബെൽജിയം എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. ലുകാകുവിന്റെ ഇരട്ട ഗോളുകളാണ് ബെൽജിയത്തിന് കരുത്തായത്. റഷ്യയുടെ രണ്ട് വലിയ ഡിഫൻസീവ് പിഴവുകളും ബെൽജിയത്തിന്റെ ഗോളുകളായി മാറിയതും ഇന്ന് കാണാനായി. സ്വന്തം നാട്ടിൽ മത്സരം നടന്നിട്ടും അത് മുതലെടുക്കാൻ റഷ്യക്ക് ഇന്നായില്ല.

റഷ്യയും ബെൽജിയവും തമ്മിലുള്ള മത്സരം റഷ്യയിലാണ് നടക്കുന്നത് എന്നതു കൊണ്ട് തന്നെ ഇന്ന് ആവേശകരമായ ഒരു പോരാട്ടം ആണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇന്ന് തുടക്കം മുതൽ കണാനായത് ബെൽജിയത്തിന്റെ ആധിപത്യം ആയിരുന്നു. കളി ആരംഭിച്ച് പത്താം മിനുട്ടിൽ തന്നെ ബെൽജിയം ലീഡ് എടുത്തു. റഷ്യൻ ഡിഫൻസിലെ ഒരു വലിയ പിഴവ് ലുകാകുവിന് പന്ത് സമ്മാനിക്കുകയായിരുന്നു. ആ പന്ത് വലയിൽ എത്തിക്കാൻ ലുകാകുവിന് അധികം ചിന്തിക്കേണ്ടതു പോലും വന്നില്ല. ലുകാകുവിന്റെ ബെൽജിയത്തിനായുള്ള 61ആം ഗോളായിരുന്നു ഇത്.

ഹസാർഡിന്റെയും ഡിബ്രുയിന്റെയും അഭാവത്തിൽ ലുകാകു ബെൽജിയത്തിന്റെ അറ്റാക്ക് മുന്നിൽ നിന്ന് നയിക്കുന്നതാണ് ഇന്ന് കണ്ടത്. ലുകാകു സൃഷ്ടിച്ച അവസരം ലക്ഷ്യത്തിൽ എത്തിക്കാൻ ഡെൻഡോകറിന് കഴിയാതിരുന്നത് ബെൽജിയത്തിന്റെ രണ്ടാം ഗോൾ വൈകിപ്പിച്ചു. എങ്കിലും 34ആം മിനുട്ടിൽ അവരുടെ രണ്ടാം ഗോൾ എത്തി. ഇത്തവണ ഗോൾ കീപ്പറുടെ പിഴവാണ് റഷ്യക്ക് വിനയായത്. സബ്ബായി എത്തിയ മുനിയർ ആയിരുന്നു ബെൽജിയത്തിന്റെ രണ്ടാം ഗോൾ നേടിയത്.

രണ്ടാം പകുതിയിൽ റഷ്യ മെച്ചപ്പെട്ട ഫുട്ബോൾ കളിച്ചു എങ്കിലും അവർക്ക് ഗോൾ നേടിക്കൊണ്ട് കളിയിലേക്ക് തിരികെ വരാൻ ആയില്ല. രണ്ടാം പകുതിയിൽ ബെൽജിയം അവസരങ്ങൾ സൃഷ്ടിക്കുന്നതും കുറഞ്ഞു. ഹസാർഡിനെ രണ്ടാം പകുതിയിൽ ബെൽജിയം കളത്തിൽ ഇറക്കി. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ആയിരുന്നു ലുകാകുവിന്റെ രണ്ടാം ഗോൾ വന്നത്. മുനിയറിന്റെ പാസ് സ്വീകരിച്ച് ഒറ്റയ്ക്ക് കുതിച്ചായിരുന്നു ലുകാകുവിന്റെ രണ്ടാം ഗോൾ.

ഈ വിജയം ബെൽജിയത്തിന് വലിയ ആത്മവിശ്വാസം നൽകും. അടുത്ത മത്സരത്തിൽ ജൂൺ 17ന് ഡെന്മാർക്കിനെ ആകും ബെൽജിയം നേരിടുക. റഷ്യക്ക് ഫിൻലാൻഡ് ആണ് അടുത്ത എതിരാളികൾ.