ഡെന്മാർക്കിന് ഇന്ന് നിരാശയുടെ ദിവസമാണ്. എറിക്സന്റെ ആരോഗ്യ സ്ഥിതിയോർത്ത് മാനസികമായി തളർന്ന ഡെന്മാർക്ക് ഇന്ന് അവരുടെ യൂറോ കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ഫിൻലാൻഡിനോട് പരാജയപ്പെട്ടു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഫിൻലാൻഡിന്റെ വിജയം. ഫിൻലാൻഡിന് ഇത് ചരിത്ര വിജയമാണ്. അവർ ആദ്യമായാണ് ഒരു പ്രധാന ടൂർണമെന്റിൽ വിജയിക്കുന്നത്. അവരുടെ ആദ്യ യൂറോ കപ്പ് മത്സരമായിരുന്നു ഇത്.
ഇന്ന് മത്സരം മികച്ച രീതിയിൽ തുടങ്ങിയത് ഡെന്മാർക്ക് ആയിരുന്നു. ആദ്യ പകുതിയിൽ ഉടനീളം ഡെന്മാർക്ക് തന്നെയാണ് കളി നിയന്ത്രിച്ചത്. നിരവധി അവസരങ്ങളും അവർ സൃഷ്ടിച്ചു. പക്ഷെ ഒന്നും ലക്ഷ്യത്തിൽ എത്തിയില്ല. ആദ്യ പകുതിയുടെ അവസാനം എറിക്സണ് കുഴഞ്ഞു വീണതും അതിനു ശേഷം ഉണ്ടായ സംഭവങ്ങളും കളിയുടെ ഗതി തന്നെ മാറ്റി. ഒരു മണിക്കൂറിനെക്കാൾ നീണ്ട ഇടവേളയ്ക്ക് ശേഷം കളി ആരംഭിച്ചപ്പോൾ ഡെന്മാർക്കിന് പഴയ താളത്തിൽ കളിക്കാൻ ആയില്ല.
59ആം മിനുറ്റിൽ പൊഹൻപാലോയുടെ ഹെഡർ ഫിൻലാൻഡിന് ലീഡ് നൽകി. ഉറോനന്റെ ക്രോസിൽ നിന്നായിരുന്നു ഗോൾ. ഷിമൈക്കളിന്റെ പിഴവു കൂടിയായിരുന്നു ആ ഗോൾ. ഈ ഗോളിന് മറുപടി നൽകാൻ ഡെന്മാർക്കിന് അവസരം ലഭിച്ചിരുന്നു. 74ആം മിനുട്ടിൽ പൗൾസനെ വീഴ്ത്തിയതിന് ഡെന്മാർക്കിന് കിട്ടിയ പെനാൾട്ടി ഹൊയിബർഗിന് ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല. ഇതിനു ശേഷം സമനില ഗോൾ കണ്ടെത്താനും ഡെന്മാർക്കിനായില്ല.