യൂറോ കപ്പിൽ ഇന്ന് ഓറഞ്ച് പട ആദ്യ മത്സരത്തിന് ഇറങ്ങുകയാണ്. ഗ്രൂപ്പ് സിയിൽ നടക്കുന്ന മത്സരത്തിൽ ഉക്രൈൻ ആണ് ഹോളണ്ടിന്റെ എതിരാളികൾ. ഗ്രൂപ്പ് സിയിൽ നിന്ന് നോക്കൗണ്ട് റൗണ്ടിലേക്ക് എത്തുമെന്ന് ഭൂരിഭാഗം പേരും കരുതുന്ന ടീമുകളാണ് ഉക്രൈനും ഹോളണ്ടും. ഇതിഹാസ താരം ആൻഡെ ഷെവ്ചങ്കോ പരിശീലിപ്പികുന്ന ഉക്രൈൻ അടുത്ത കാലത്തായി ഗംഭീര ഫോമിലാണ് കളിക്കുന്നത്. ഇന്ന് ഹോളണ്ടിനെ അവരുടെ നാട്ടിൽ വെച്ച് തോൽപ്പിക്കാൻ ആയാൽ അത് ഷെവ്ചങ്കോയ്ക്ക് വലിയ നേട്ടമാകും.
അറ്റലാന്റ താരം മലിനോവ്സിയും മാഞ്ചസ്റ്റർ സിറ്റി താരം സിഞ്ചെക്കോയും ആയിരിക്കും ഉക്രൈന്റെ പ്രധാന പ്രതീക്ഷ. മാഞ്ചസ്റ്റർ സിറ്റിയിൽ എന്ന പോലെ ഫുൾബാക്കയല്ല സിഞ്ചെക്കോ ഉക്രൈനിൽ കളിക്കാറ്. താരം മിഡ്ഫീൽഡിലാകും ഇറങ്ങുക. ഹോളണ്ടിന് ഒപ്പം പ്രധാന താരങ്ങളായ വാൻ ഡൈക്, വാൻ ഡെ ബീക്, സിലെസൻ എന്നിവരൊന്നും ഇല്ല. എന്നാലും ഫ്രാങ്ക് ഡിബോറിന് മികച്ച സ്ക്വാഡ് തന്നെ ഒപ്പം ഉണ്ട്.
ഡിപായും വിഗോസ്റ്റും ചേരുന്ന അറ്റാക്കിംഗ് കൂട്ടുകെട്ടിലാകും ഹോളണ്ടിന്റെ പ്രധാന പ്രതീക്ഷ. ഡിയോങ്, വൈനാൾഡം, ഡാലെ ബ്ലിൻഡ് എന്നിവരൊക്കെ ഡച്ച് നിരയിൽ ഉണ്ട്. സെന്റർ ബാക്കായ ഡിലിറ്റ് ഇന്ന് കളിക്കില്ല. ഇന്ന് രാത്രി 12.30നാണ് മത്സരം. കളി തത്സമയം സോണി നെറ്റ്വർക്കിൽ കാണാം.