2018 റഷ്യൻ ലോകകപ്പ് സെമി ഫൈനലിന്റെ ആവർത്തനമാണ് ഇന്ന് ലണ്ടണിൽ വെംബ്ലി സ്റ്റേഡിയത്തിൽ നടക്കാൻ പോകുന്നത്. സൗത് ഗേറ്റിന്റെ ഇംഗ്ലണ്ടും സാറ്റ്കോ ഡലികിന്റെ ക്രൊയേഷ്യയും നേർക്കുനേർ വരുന്നു. ഈ യൂറോ കപ്പിൽ ഇതുവരെ നടന്നതിൽ ഏറ്റവും വലിയ മത്സരമാകും ഇന്ന് ഗ്രൂപ്പ് ഡിയിൽ നടക്കുന്നത്. 2018ൽ മോസ്കോയിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ക്രൊയേഷ്യ ഫൈനലിലേക്ക് മുന്നേറുക ആയിരുന്നു. അ പരാജയത്തിന് കണക്കു പറയുക ആകും ഇംഗ്ലണ്ടിന്റെ ലക്ഷ്യം.
2018നേക്കാൾ മികച്ച സ്ക്വാഡാണ് ഇപ്പോൾ ഇംഗ്ലണ്ടിന് ഉള്ളത് എന്നാണ് ഫുട്ബോൾ നിരീക്ഷകർ പറയുന്നത്. മേസൺ മൗണ്ട്, ഫിൽ ഫോഡൻ, ജേഡൻ സാഞ്ചോ എന്നീ യുവതാരങ്ങളുടെ വരവ് തന്നെ ഇംഗ്ലീസ്ഗ് ടീമിന്റെ മുഖം മാറ്റിയിട്ടുണ്ട്. ഒപ്പം ഗ്രീലിഷ് കൂടെയാകുമ്പോൾ ഇംഗ്ലണ്ട് ഏതു ഡിഫൻസിന്റെയും പേടി സ്വപ്നമാകും. ഗ്രീലിഷ് ഈ യൂറോ കപ്പിന്റെ തന്നെ താരമായി മാറും എന്നാണ് പലരും വിലയിരുത്തുന്നത്.
ഇവർക്ക് ഒപ്പം ഹാരി കെയ്ൻ, റാഷ്ഫോർഡ്, ഹെൻഡേഴ്സൺ, ലൂക് ഷോ എന്ന് തുടങ്ങി നിരവധി സൂപ്പർ താരങ്ങൾ ഇംഗ്ലീഷ് സ്ക്വാഡിൽ ഉണ്ട്. സെന്റർ ബാക്കായ ഹാരി മഗ്വയർ പരിക്ക് കാരണം ഇന്ന് കളിക്കാൻ സാധ്യതയില്ല. അതുകൊണ്ട് തന്നെ മൂന്ന് സെന്റർ ബാക്കുകളുമായി സൗത്ഗേറ്റ് ഇറങ്ങിയേക്കും. ഡീൻ ഹെൻഡേഴ്സൺ ആകും ഇംഗ്ലണ്ടിന്റെ വല കാക്കുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്
ക്രൊയേഷ്യ 2018 ലോകകപ്പിൽ നിന്ന് പിറകോട്ടാണ് പോയത്. അവരുടെ പ്രധാന താരങ്ങളിൽ പലരും ടീമിനൊപ്പം ഇല്ല. മോഡ്രിച് കൊവാചിച് മധ്യനിര കൂട്ടുകെട്ടിൽ ആകും ക്രൊയേഷ്യയുടെ പ്രതീക്ഷ. റെബിച്, പെരിസിച് എന്നിവരുടെ സാന്നിദ്ധ്യം അറ്റാക്കിൽ ക്രൊയേഷ്യക്ക് കരുത്ത് നൽകും. ഇന്ന് വൈകിട്ട് 6.30ന് നടക്കുന്ന മത്സരം സോണി നെറ്റ്വർക്കിൽ കാണാം.