യൂറോപ്യൻ സൂപ്പർ ലീഗിന്റെ ഭാഗമായി ഇപ്പോഴും നിൽക്കുന്ന ക്ലബുകളായ ബാഴ്സലോണ, റയൽ മാഡ്രിഡ്, യുവന്റസ് എന്നീ ക്ലബ്ബുകളെ വിലക്കാൻ ഉള്ള തീരുമാനം യുവേഫ ഉപേക്ഷിച്ചു. ഇവരെ വരും സീസണിലെ ചാമ്പ്യൻസ് ലീഗിൽ നിന്ന് വിലക്കും എന്നായിരുന്നു നേരത്തെ യുവേഫയുടെ വീരവാദം. എന്നാൽ കാര്യത്തോട് അടുത്തപ്പോൾ യുവേഫ കാര്യങ്ങൾ മയപ്പെടുത്തിയിരിക്കുകയാണ്. തൽക്കാലം ഈ മൂന്നു ക്ലബുകൾക്ക് എതിരെയും യാതൊരു നടപടിയും എന്ന് യുവേഫ തീരുമാനിച്ചു.
യൂറോപ്പിലെ ഏറ്റവും വലിയ ക്ലബുകളായ ഇവർക്കെതിരെ നടപടി എടുത്താൽ പ്രതിരോധത്തിലായി പോകും എന്ന ഭയമാണ് യുവേഫയെ പിറകോട്ട് അടുപ്പിച്ചത്. പുതിയ ഉത്തരവ് വരുന്നത് വരെ ഈ ക്ലബുകൾക്ക് എതിരായ എല്ലാ നടപടികളും സ്റ്റേ ചെയ്യാൻ ആണ് യുവേഫ തീരുമാനിച്ചിരിക്കുന്നത്. രണ്ടു വർഷത്തേക്ക് ഈ ക്ലബുകളെ യുവേഫ ടൂർണമെന്റുകളായ ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ് എന്നിവയിൽ നിന്ന് വിലക്കും എന്നായിരുന്നു യുവേഫ നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ ഈ ക്ലബുകൾ ഇല്ലായെങ്കിൽ ചാമ്പ്യൻസ് ലീഗിന്റെ നിലവാരം താഴോട്ടേക്ക് പോകും എന്നും യുവേഫ ഭയക്കുന്നു.
സൂപ്പർ ലീഗുമായി സഹകരിച്ച ബാക്കി 9 ക്ലബുകളും 15മില്യൺ യുവേഫയുടെ ഗ്രാസ് റൂട്ട് ഫുട്ബോളിനായി സംഭാവന നൽകാനും ഒപ്പം അടുത്ത വർഷത്തെ യുവേഫ ടൂർണമെന്റിൽ നിന്നുള്ള വരുമാനത്തിന്റെ 5% പിഴ ആയി യുവേഫക്ക് നൽകാനും നേരത്തെ തീരുമാനം ആയിരുന്നു. ഈ മൂന്ന് ക്ലബുകൾക്ക് എതിരെ നടപടി വന്നില്ല എങ്കിൽ മറ്റു ക്ലബുകൾ വീണ്ടും യുവേഫക്ക് എതിരെ വരാനും സാധ്യതയുണ്ട്.