ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് അവരുടെ പഴയ പ്രതാപത്തില്‍ തന്നെയുണ്ടായിരുന്നുവെന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്കര്‍. കഴിഞ്ഞ വര്‍ഷം ടീമിനെ സംബന്ധിച്ച് മറക്കാനാഗ്രഹിക്കുന്ന ഒരു സീസണാണെങ്കിലും ഇത്തവണ ചെന്നൈ ഏഴ് മത്സരങ്ങളില്‍ അഞ്ചും വിജയിച്ച് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തായി നിലകൊള്ളുകയായിരുന്നു. കഴിഞ്ഞ തവണയാകട്ടെ ടീം ആകെ വിജയിച്ചത് 14 മത്സരങ്ങളില്‍ ആറെണ്ണം മാത്രമായിരുന്നു.
ഇതുവരെ ഐപിഎല്‍ ചരിത്രത്തില്‍ പുറത്തെടുക്കാറുള്ളത് പോലെയുള്ള പ്രകടനമാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇത്തവണ പുറത്തെടുത്തതെന്നും അവര്‍ ചാമ്പ്യന്മാരെപ്പോലെയാണ് കളിച്ചതെന്നും സുനില്‍ ഗവാസ്കര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ടീമില്‍ വലിയ മാറ്റമൊന്നുമില്ലാതെ ആണ് ഈ നിലവാരത്തിലേക്ക് ടീം ഉയര്‍ന്നതെന്നും ശ്രദ്ധേയമാണെന്ന് സുനില്‍ ഗവാസ്കര്‍ സൂചിപ്പിച്ചു.
മോയിന്‍ അലിയെ വണ്‍ ഡൗണാക്കി ഇറക്കിയത് ടീമിനെ സംബന്ധിച്ചിടത്തോളം ഒരു മാസ്റ്റര്‍ സ്ട്രോക്ക് എന്ന് വിശേഷിപ്പിക്കാവുന്നതാണെന്നും സുനില്‍ ഗവാസ്കര്‍ വ്യക്തമാക്കി. ഫാഫ് ഡു പ്ലെസിയും റുതുരാജ് ഗായക്വാഡും മികച്ച പ്രകടനം പുറത്തെടുത്തതും ടീമിന് തുണയായി എന്ന് ഗവാസ്കര്‍ അഭിപ്രായപ്പെട്ടു.