കഴിഞ്ഞ ഐപിഎല്‍ സീസണില്‍ കോവിഡ് പോസിറ്റീവ് ആയ ശേഷം ടീമിലേക്ക് എത്തിയ റുതുരാജ് ആയിരുന്നു ചെന്നൈയ്ക്കായി ബാറ്റിംഗില്‍ തിളങ്ങിയ ചുരുക്കം ചില താരങ്ങളില്‍ ഒരാള്‍. ആ പ്രകടനത്തിന്റെ ബലത്തില്‍ ചെന്നൈ ഓപ്പണിംഗ് തന്നെ ഇത്തവണയും താരത്തിന് നല്‍കിയെങ്കിലും ഇതുവരെയുള്ള മത്സരങ്ങളില്‍ റുതുരാജ് ബുദ്ധിമുട്ടുന്ന കാഴ്ചയാണ് കണ്ടത്.
ഇന്നലെ രാജസ്ഥാനെതിരെ 10 റണ്‍സ് നേടി പുറത്തായ താരം ഡല്‍ഹിയ്ക്കെതിരെ ആദ്യ മത്സരത്തില്‍ അഞ്ച് റണ്‍സും പഞ്ചാബിനെതിരെയും അതേ സ്കോറാണ് നേടിയത്. മൂന്ന് മത്സരങ്ങളിലെ പരാജയത്തിന് ശേഷം താരത്തിന്റെ സ്ഥാനം നഷ്ടപ്പെട്ടേക്കാം എന്ന സ്ഥിതിയിലാണ് കാര്യങ്ങള്‍.
എന്നാല്‍ താരത്തിന് പിന്തുണയുമായി ചെന്നൈ മുഖ്യ കോച്ച് സ്റ്റീഫന്‍ ഫ്ലെമിംഗ് എത്തി. താരത്തിന് ഐപിഎല്‍ 13ാം സീസണിലെ പ്രകടനത്തിന്റെ ബലത്തിലാണ് അവസരം ലഭിച്ചിരിക്കുന്നതെന്നും അന്ന് താരം തന്റെ കഴിവ് തെളിയിച്ചതാണെന്നും ചെന്നൈ തങ്ങളുടെ താരങ്ങള്‍ക്ക് ആവശ്യമായ അവസരങ്ങള്‍ നല്കുന്ന ശീലമുള്ള ഫ്രാഞ്ചൈസിയാണെന്നും സ്റ്റീഫന്‍ ഫ്ലെമിംഗ് പറഞ്ഞു.
ചെന്നൈ താരത്തിനെ പിന്തുണയ്ക്കുക തന്നെ ചെയ്യുമെന്നും റോബിന് ഉത്തപ്പ പകരക്കാരന് ഓപ്പണറായി ഉണ്ടെന്നിരിക്കവേ തന്നെ റുതുരാജിന് ഇനിയും അവസരം ലഭിയ്ക്കുമെന്ന് ഫ്ലെമിംഗ് പറഞ്ഞു. ടീം മികച്ചൊരു യുവതാരത്തെയാണ് പിന്തുണയ്ക്കുന്നതെന്നും അതിന്റെ ഗുണം തീര്‍ച്ചയായും ലഭിയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.