ന്യൂസിലാണ്ടിനെതിരെ ഏകദിന പരമ്പരയില്‍ മികച്ച വിജയവുമായി ഓസ്ട്രേലിയ. ഇന്ന് ബേ ഓവലില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ടിനെ 48.5 ഓവറില്‍ 212 റണ്‍സിന് ഓള്‍ഔട്ട് ആക്കിയ ശേഷം ലക്ഷ്യം 38.3 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തിലാണ് ഓസ്ട്രേലിയ മറികടന്നത്.
ഏകദിനത്തില്‍ തുടര്‍ച്ചയായ 22ാം വിജയം എന്ന റെക്കോര്‍ഡ് നേട്ടം കൂടി ഇന്നത്തെ വിജയത്തോടെ ഓസ്ട്രേലിയന്‍ വനിതകള്‍ സ്വന്തമാക്കി. റിക്കി പോണ്ടിംഗിന്റെ നേതൃത്വത്തിലുള്ള ഓസ്ട്രേലിയന്‍ പുരുഷ ടീം നേടിയ 21 മത്സരങ്ങളുടെ റെക്കോര്‍ഡാണ് ഈ ഓസ്ട്രേലിയന്‍ വനിതകള്‍ മറികടന്നത്.
ഓപ്പണര്‍ ലൗറന്‍ ഡൗണ്‍ 90 റണ്‍സുമായി പിടിച്ച് നിന്നുവെങ്കിലും മറ്റു താരങ്ങളില്‍ നിന്ന് കാര്യമായ പിന്തുണയില്ലാതെ പോയതാണ് ന്യൂസിലാണ്ടിന് തിരിച്ചടിയായത്. ആമി സാത്തെര്‍ത്ത്വൈറ്റ്(32), അമേലിയ കെര്‍(33) എന്നിവരൊഴികെ ആര്‍ക്കും തന്നെ മികവ് പുറത്തെടുക്കുവാന്‍ സാധിക്കാതെ പോയപ്പോള്‍ 212 റണ്‍സിന് ന്യൂസിലാണ്ട് ഓള്‍ഔട്ട് ആയി. മെഗാന്‍ ഷൂട്ട് 4 വിക്കറ്റും നിക്കോള കാറെ മൂന്ന് വിക്കറ്റും നേടിയാണ് ഓസ്ട്രേലിയന്‍ ബൗളിംഗ് നിരയില്‍ തിളങ്ങിയത്.
ഓസ്ട്രേലിയന്‍ ബാറ്റിംഗില്‍ അലൈസ ഹീലി(65), എല്‍സെ പെറി(56*), ആഷ്ലൈ ഗാര്‍ഡ്നര്‍(53*) എന്നിവരാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. തുടക്കത്തില്‍ റേച്ചല്‍ ഹെയ്ന്‍സിനെയും മെഗ് ലാന്നിംഗിനെയും നഷ്ടമായ ഓസ്ട്രേലിയ 37/2 എന്ന നിലയിലേക്ക് വീണുവെങ്കിലും ഹീലിയും പെറിയും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 74 റണ്‍സ് നേടിയാണ് ഓസ്ട്രേലിയയെ മുന്നോട്ട് നയിച്ചത്. രണ്ട് വിക്കറ്റ് കൂടി നഷ്ടമായ ഓസ്ട്രേലിയ 136/4 എന്ന നിലയിലേക്ക് വീണുവെങ്കിലും അവിടെ നിന്ന് പെറി – ഗാര്‍ഡ്നര്‍ കൂട്ടുകെട്ട് 79 റണ്‍സ് നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചു.