ജേസണ്‍ ഹോള്‍ഡറില്‍ നിന്ന് ക്യാപ്റ്റന്‍സി ഏറ്റെടുക്കുവാനാകുന്നത് ബഹുമതി – ക്രെയിഗ് ബ്രാത്‍വൈറ്റ്

Sports Correspondent

വെസ്റ്റിന്‍ഡീസിന്റെ പുതിയ ടെസ്റ്റ് നായകനായി ചുമതലയേറ്റെടുക്കുന്ന ക്രെയിഗ് ബ്രാത്‍വൈറ്റിന്റെ ആദ്യ പരീക്ഷണം ശ്രീലങ്കയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയാവും. 2015 മുതല്‍ ക്യാപ്റ്റന്‍സി ദൗത്യം വഹിച്ച് വരുന്ന ജേസണ്‍ ഹോള്‍ഡറില്‍ നിന്ന് വിന്‍ഡീസിന്റെ നായക സ്ഥാനം ഏറ്റെടുക്കുവാനായത് വലിയ ബഹുമതിയായി താന്‍ കാണുകയാണെന്ന് വെസ്റ്റിന്‍ഡീസ് ഓപ്പണിംഗ് ബാറ്റ്സ്മാന്‍ വ്യക്തമാക്കി.

37 ടെസ്റ്റുകളില്‍ ടീമിനെ നയിച്ചിട്ടുള്ളയാളാണ് ജേസണ്‍ ഹോള്‍ഡര്‍. തനിക്ക് ലഭിച്ച അവസരത്തില്‍ ദൈവത്തിനോട് നന്ദി പറഞ്ഞ ക്രെയിഗ് ജേസണ്‍ ഹോള്‍ഡര്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ടീമിനെ മികച്ച രീതിയിലാണ് നയിച്ചതെന്നും പറഞ്ഞു. ഈ പുതിയ വെല്ലുവിളി ഏറ്റെടുക്കുവാനായി താന്‍ ഉറ്റു നോക്കുകയാണെന്നും ഇത് വലിയ അഭിമാന നിമിഷമാണ് തനിക്കെന്നും ക്രെയിഗ് സൂചിപ്പിച്ചു.

ബംഗ്ലാദേശില്‍ രണ്ടാം നിര ടീമിനെ നയിച്ച് ചരിത്ര വിജയം കുറിച്ചതാണ് ബ്രാത്‍വൈറ്റിന് പുതിയ ദൗത്യം നല്‍കുവാന്‍ വിന്‍ഡീസ് ബോര്‍ഡിനെ പ്രേരിപ്പിച്ചത്.