ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഹമ്മദാബാദിലെ നാലാമത്തെ ടെസ്റ്റ് മത്സരത്തിനിടെ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയും ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സും വാഗ്വാദത്തില്‍ ഏര്‍പ്പെടുന്ന കാഴ്ച മത്സരത്തിന്റെ ഒന്നാം ദിവസം ഏവരും കണ്ടതാണ്. ഇപ്പോള്‍ അതിനുള്ള കാരണം വ്യക്തമാക്കി മുഹമ്മദ് സിറാജ് രംഗത്തെത്തിയിട്ടുണ്ട്.
മത്സരത്തിന്റെ 13ാം ഓവറില്‍ സിറാജ് ബെന്‍ സ്റ്റോക്സിനെതിരെ അവസാന പന്തില്‍ ഒരു ബൗണ്‍സര്‍ എറിഞ്ഞതില്‍ പ്രകോപിതനായ ബെന്‍ സ്റ്റോക്സ് താരത്തിനെതിരെ അസഭ്യ വര്‍ഷം നടത്തിയെന്നാണ് സിറാജ് പറയുന്നത്. ഇതാണ് ഓവറുകള്‍ക്കിടയിലെ ഇടവേള സമയത്ത് ബൈര്‍സ്റ്റോയും സ്റ്റോക്സും സംസാരിച്ച് നിന്നതിന് ഇടയിലേക്ക് വിരാട് കോഹ്ലിയെ എത്തിച്ചതെന്നും സിറാജ് പറഞ്ഞു.
പിന്നീട് ഇരുതാരങ്ങളും പരസ്പരം വാക്കേറ്റത്തിലേക്ക് നീങ്ങിയപ്പോള്‍ അമ്പയര്‍ വിരേന്ദര്‍ ശര്‍മ്മ ഇടപെട്ടാണ് സ്ഥിതി ശാന്തമാക്കിയത്. തന്നെ അസഭ്യം പറഞ്ഞ സംഭവം താന്‍ വിരാട് കോഹ്ലിയോട് പറഞ്ഞുവെന്നും അതിന് ശേഷം ആണ് ഈ സംഭവം ഉണ്ടായതെന്നും സിറാജ് പറഞ്ഞു.