പതിവിൽ നിന്ന് ഒരു മാറ്റവുമില്ല. കേരള ബ്ലാസ്റ്റേഴ്സ് ലീഡ് എടുക്കുന്നു എന്നിട്ടും അവസാന നിമിഷങ്ങളിൽ വിജയം കൈവിട്ട് നിരാശയോടെ കളം വിടുന്നു. ഇന്നശ് ഒഡീഷയ്ക്ക് എതിരെയും വിജയിക്കാൻ ആവുന്ന മത്സരമാണ് കേരള ബ്ലാസ്റ്റേഴ്സ് മോശം ഡിഫൻഡിങ് കാരണം നശിപ്പിച്ചത്. 2-2 എന്ന നിലയിലാണ് ഇന്ന് മത്സരം അവസാനിച്ചത്. മികച്ച അവസരങ്ങൾ മുതലാക്കാത്തതാണ് കേരള ബ്ലാസ്റ്റേഴ്സിന് വിനയായത്.
മെല്ലെ തുടങ്ങിയ മത്സരത്തിൽ 31ആം മിനുട്ടിൽ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ അവസരം ലഭിച്ചത്. ഇടതു വിങ്ങിലൂടെ വന്ന സഹൽ നൽകിയ പാസ് സ്വീകരിച്ച ഹൂപ്പർ ഡിഫൻഡറെ മറികടന്ന് ഷോട്ട് തൊടുത്തു എങ്കിലും ലക്ഷ്യത്തിൽ എത്തിയില്ല. ഇതിനു പിന്നാലെ ഒഡീഷ ഗോൾകീപ്പറിന്റെ പിഴവ് മുതലെടുത്ത ഹൂപ്പർ ഒരു മനോഹര പാസ് ജുവാൻഡെയ്ക്ക് കൊടുത്തു എങ്കിലും മധ്യനിര താരത്തിന്റെ ഷോട്ട് ഗോൾ പോസ്റ്റിന് മുകളിലൂടെ പറന്നു. ഇതിനു ശേഷവും കേരള ബ്ലാസ്റ്റേഴ്സ് അവസരങ്ങൾ ഉണ്ടാക്കി എങ്കിലും ഫിനിഷിങ് ടച്ച് നൽകാൻ ആയില്ല.
എന്നാൽ ഒഡീഷ അവർക്ക് കിട്ടിയ ഏക അവസരം ലക്ഷ്യത്തിൽ എത്തിച്ചു. 45ആം മിനുട്ടിൽ മൊറീസിയോ ആണ് ഒഡീഷയ്ക്ക് ലീഡ് നൽകിയത്. രണ്ടാം പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സ് ശക്തമായി തന്നെ തിരിച്ചുവന്നു. പൂർണ്ണമായും അറ്റാക്കിലേക്ക് തിരിഞ്ഞ കേരള ബ്ലാസ്റ്റേഴ്സ് കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചു. 52ആം മിനുട്ടിൽ ഗാരി ഹൂപ്പറിന്റെ ഒരു പാസ് ഒരു ഡൈവിംഗ് ഫിനിഷോടെ മറെ വലയിൽ എത്തിച്ചു. മറെയുടെ സീസണിലെ ഏഴാം ഗോളായിരുന്നു ഇത്.
ഇതിനു പിന്നാലെ 68ആം മിനുട്ടിൽ ഹൂപ്പറിലൂടെ കേരള ബ്ലാസ്റ്റേഴ്സ് ലീഡും എടുത്തു. സഹലിന്റെ മനോഹര അസിസ്റ്റ് അനായാസമായി ഹൂപ്പർ വലയിൽ എത്തിക്കുക ആയിരുന്നു. പക്ഷെ ലീഡ് എടുത്താൽ സംരക്ഷിക്കാൻ അറിയാത്ത കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും വിജയം കൈവിട്ടു. ഒഡീഷ74ആം മിനുട്ടിൽ സമനില പിടിച്ചു.
മൊറീസിയോ തന്നെയാണ് രണ്ടാം ഗോളും നേടിയത്. അവരുടെ ടാർഗറ്റിലേക്കുള്ള രണ്ടാം ഷോട്ട് മാത്രമായിരുന്നു ഇത്. രണ്ടു ഗോളുകളിലെയും കേരള ബ്ലാസ്റ്റേഴ്സിന്റെ ഡിഫൻഡിംഗ് ദയനീയമായിരുന്നു. രണ്ടാം ഗോൾ വഴങ്ങിയതോടെ ആത്മവിശ്വാസം തകർന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ താളം നഷ്ടപ്പെട്ടു. ആൽബിനോയുടെ മനോഹരമായ സേവ് ഇല്ലായിരുന്നു എങ്കിൽ അവസാന നിമിഷം കേരള ബ്ലാസ്റ്റേഴ്സ് പരാജയം നേരിടേൻടി വന്നേനെ. മറുവശത്ത കോസ്റ്റയുടെ ഒരു ഹെഡർ ഒഡീഷ കീപ്പറും സേവ് ചെയ്തതോടെ മത്സരം സമനിലയിൽ അവസാനിച്ചു.
കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷ ഇതോടെ അവസാനിച്ചിരിക്കുകയാണ്. 16 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ലീഗിൽ ഒമ്പതാം സ്ഥാനത്ത് നിൽക്കുകയാണ്. ഇനി ലീഗിൽ ആകെ മൂന്ന് മത്സരങ്ങളെ കേരള ബ്ലാസ്റ്റേഴ്സിന് ഉള്ളൂ.