കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് സെന്റർ ബാക്കായിരുന്ന രാജു ഗെയ്ക്‌വാദ് ഐ എസ് എല്ലിൽ തിരിച്ചെത്തി. താരം ഇനി ഈസ്റ്റ് ബംഗാളിനു വേണ്ടിയാകും കളിക്കുക. രാജുവും ഈസ്റ്റ് ബംഗാളുമായി കരാർ ഒപ്പുവെച്ചതായി ക്ലബ് ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. കഴിഞ്ഞ സീസൺ തുടക്കത്തിൽ പരിക്കേറ്റ സന്ദേശ് ജിങ്കന് പകരമായിരുന്നു വെറ്ററൻ താരം രാജു ഗെയ്ക്‌വാദ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്.
30കാരനായ താരത്തിന് അത്ര നല്ല പ്രകടനം ഒന്നും മഞ്ഞ ജേഴ്സിയിൽ കാഴ്ചവെക്കാൻ ആയിരുന്നില്ല.അതുകൊണ്ട് തന്നെ രാജുവിന്റെ കരാർ കേരള ബ്ലാസ്റ്റേഴ്സ് പുതുക്കിയതും ഇല്ല. ഇന്ത്യയുടെ ത്രോ മാൻ എന്നറിയപ്പെടുന്ന രാജു മുമ്പ് ടാറ്റ ഫുട്ബോൾ അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ്. രാജുവിന്റെ ലോങ് ത്രോകൾ പ്രശസ്തമാണ്.
മുമ്പ് ഇന്ത്യൻ ടീമിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു രാജു. എഫ് സി ഗോവയ്ക്കും മുംബൈ സിറ്റിക്കും ജംഷദ്പൂരിനും വേണ്ടി ഇതിനു മുമ്പ് ഐ എസ് എൽ കളിച്ചിട്ടുണ്ട്. ഐ ലീഗിൽ മോഹൻ ബഗാനു വേണ്ടിയും കളിച്ചിട്ടുണ്ട്