കൊച്ചി: 2020 ഡിസംബര്‍ 12: യുവ മിഡ്ഫീല്‍ഡര്‍ ജീക്‌സണ്‍ സിങ് തൗനോജം ക്ലബ്ബുമായുള്ള കരാര്‍ മൂന്നു വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചതായി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി പ്രഖ്യാപിച്ചു. കരാര്‍ പ്രകാരം 19കാരനായ മണിപ്പൂരി താരം 2023 വരെ ക്ലബ്ബില്‍ തുടരും. ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന ഒരു കുടുംബത്തിലായിരുന്നു ജീക്‌സണ്‍ സിങിന്റെ ജനനം. പരിശീലകനായ പിതാവ് തന്നെയാണ് താരത്തെ കായികരംഗത്തേക്ക് പരിചയപ്പെടുത്തിയത്. 11ാം വയസില്‍ ചണ്ഡിഗഡ് ഫുട്‌ബോള്‍ അക്കാദമിയില്‍ ചേര്‍ന്നായിരുന്നു കരിയര്‍ ആരംഭം. തന്റെ കഴിവുകള്‍ മെച്ചപ്പെടുത്താന്‍ നാലു വര്‍ഷത്തോളം ഈ അക്കാദമിയില്‍ താരം ചെലവഴിച്ചു. ജീക്‌സണിന്റെ കായികക്ഷമതയിലും വൈദഗ്ധ്യത്തിലും മിനര്‍വ പഞ്ചാബിന് മതിപ്പ് തോന്നിയതോടെ 2016ല്‍ അവരുടെ അക്കാദമി ടീമിനൊപ്പം ചേര്‍ന്നു. ഒരു വര്‍ഷം റിസര്‍വ് ടീമിനൊപ്പം ചെലവഴിച്ച ശക്തനായ സെന്‍ട്രല്‍ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ക്ക്, വായ്പ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ആരോസില്‍ ചേരുന്നതിന് മുമ്പ് ആദ്യ ടീമിലേക്ക് സ്ഥാനക്കയറ്റവും നല്‍കി. 2017 അണ്ടര്‍-17 ഫിഫ ലോകകപ്പില്‍ പങ്കെടുത്ത ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജീക്‌സണ്‍ ഫിഫ ടൂര്‍ണമെന്റിലെ ഇന്ത്യയുടെ ആദ്യത്തെ ഗോള്‍ നേടിയതിനൊപ്പം ലോകകപ്പില്‍ ഇന്ത്യയുടെ ഏക ഗോളിന് അവകാശിയാവുകയും ചെയ്തു.
ജീക്‌സണ്‍ ഞങ്ങളുമായുള്ള കരാര്‍ നീട്ടിയതില്‍ സന്തുഷ്ടനാണെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു. അദ്ദേഹം ഒരു യഥാര്‍ഥ പ്രൊഫഷണലാണ്, ഒപ്പം മെച്ചപ്പെടുത്താനുള്ള ആഗ്രഹത്തോടെ പരിശീലനത്തില്‍ എല്ലായ്‌പ്പോഴും നല്ല മനോഭാവവും പ്രകടിപ്പിക്കുന്നുണ്ട്. ഞങ്ങളുടെ ടീമിലെ ഒരു പ്രധാന താരമായ അദ്ദേഹം, ഞങ്ങളോടൊപ്പം വളര്‍ന്നു വരുന്നത് കാണുന്നതില്‍ എനിക്ക് സന്തോഷമുണ്ട്-കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു.
ലോകകപ്പിലെയും, ഇന്ത്യന്‍ ആരോസിനൊപ്പം ഐലീഗിലെയും മികച്ച പ്രകടനങ്ങളാണ്, ജീക്‌സണ് സിങിനെ 2018ല്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് റിസര്‍വ് ടീമിനൊപ്പമെത്തിച്ചത്. 2019-20 ഐഎസ്എല്‍ സീസണില്‍ താരത്തിന് ആദ്യ ടീമിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു, ആ സീസണില്‍ മിഡ്ഫീല്‍ഡില്‍ ഒരു അവിഭാജ്യ ഘടകമായി മാറിയ താരം സീസണില്‍ 15 തവണ കളിക്കാനിറങ്ങി.
കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുമായുള്ള കരാര്‍ നീട്ടുന്നതില്‍ ഞാന്‍ സന്തുഷ്ടനണെന്ന് ക്ലബ്ബുമായുള്ള കരാര്‍ വിപുലീകരണത്തെക്കുറിച്ച് സംസാരിക്കവെ ജീക്‌സണ്‍ സിങ് പ്രതികരിച്ചു. എനിക്കും ക്ലബിനുമായി മാനേജ്‌മെന്റിന് ഒരു മികച്ച കാഴ്ചപ്പാടുണ്ട്, ഈ സംരംഭത്തിന്റെ ഭാഗമാകാന്‍ കഴിയുന്നതില്‍ ഞാന്‍ വളരെ ആവേശത്തിലുമാണ്. രാജ്യത്തെ ഏറ്റവം ആവേശം നിറഞ്ഞ ആരാധകരാണ് ക്ലബ്ബിനുള്ളത്, ഉടനെ കലൂരിലെ മഞ്ഞക്കടലിന്റെ മുന്നില്‍ കളിക്കാന്‍ എനിക്ക് കാത്തിരിക്കാനാവുന്നില്ല-ജീക്‌സണ്‍ സിങ് പറഞ്ഞു.