കിംഗ്സ് ഇലവന് പഞ്ചാബിന്റെ പ്ലേ ഓഫ് മോഹങ്ങള്‍ അവസാനിപ്പിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ്. ദീപക് ഹൂഡ ബാറ്റിംഗില്‍ നല്കിയ നേരിയ പ്രതീക്ഷ കാത്ത് സൂക്ഷിക്കുവാന്‍ ബൗളര്‍മാര്‍ക്ക് സാധിക്കാതെ പോയപ്പോള്‍ കിംഗ്സ് ഇലവന് പഞ്ചാബ് പ്ലേ ഓഫ് കാണാതെ പുറത്ത് പോയി. 18.5 ഓവറില്‍ 1 വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ വിജയം പിടിച്ചെടുത്തപ്പോള്‍ റുതുരാജ് ഗായ്ക്വാഡ് തുടര്‍ച്ചയായ മൂന്നാം അര്‍ദ്ധ ശതകം നേടി ചെന്നൈയുടെ ഈ സീസണിലെ കണ്ടെത്തലായി മാറി.
9.5 ഓവറില്‍ 82 റണ്‍സാണ് ചെന്നൈയുടെ ഓപ്പണര്‍മാര്‍ നേടിയത്. ക്രിസ് ജോര്ദ്ദന് 48 റണ്‍സ് നേടിയ ഫാഫ് ഡു പ്ലെസിയെ ക്യാപ്റ്റനും കീപ്പറുമായ ലോകേഷ് രാഹുലിന്റെ കൈകളിലെത്തിച്ചതോടെ ചെന്നൈയുെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിന് അവസാനം കുറിയ്ക്കുകയായിരുന്നു. കൂട്ടുകെട്ടില്‍ കൂടുതല്‍ അപകടകാരിയായ ഫാഫ് 34 പന്തില്‍ നിന്നാണ് 48 റണ്‍സ് നേടിയത്.
ഫാഫ് പുറത്തായ ശേഷം ക്രീസിലെത്തിയ റായിഡുവുമായി ചേര്‍ന്ന് സ്കോര്‍ മുന്നോട്ട് നയിക്കുകയായിരുന്നു. മത്സരം അവസാന ആറോവറില്‍ 41 റണ്‍സായിരുന്നു ചെന്നൈ നേടേണ്ടിയിരുന്നത്. 38 പന്തില്‍ നിന്ന് അര്‍ദ്ധ ശതകം നേടിയ റുതുരാജ് തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും തന്റെ അര്‍ദ്ധ ശതകം നേടി.
രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 72 റണ്‍സാണ് നേടിയത്. 49 പന്തില്‍ നിന്ന് ഗായക്വാഡ് 62 റണ്‍സും അമ്പാട്ടി റായിഡു 27 പന്തില്‍ നിന്ന് 27 റണ്‍സും നേടി ചെന്നൈയെ 9 വിക്കറ്റ് വിജയത്തിലേക്ക് നയിച്ചു.