റോഡപകടത്തിൽ അഫ്ഗാൻ ക്രിക്കറ്റ് താരം നജീബ് താരകായ് അന്തരിച്ചു

Staff Reporter

അഫ്ഗാൻ ക്രിക്കറ്റ് താരം നജീബ് താരകായ് റോഡപകടത്തിൽ അന്തരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച ഉണ്ടായ അപകടത്തെ തുടർന്ന് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയ നടത്തുകയും ചെയ്തിരുന്നു. എന്നാൽ താരത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. 29 കാരനായ നജീബ് താരകായുടെ കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം നടന്നത്.

അഫ്ഗാനിസ്ഥാന് വേണ്ടി 12 ടി20 മത്സരങ്ങളും ഒരു ഏകദിന മത്സരവും നജീബ് താരകായ് കളിച്ചിട്ടുണ്ട്. 2014ൽ ബംഗ്ലാദേശിനെതിരെ ഏഷ്യ കപ്പിലാണ് താരം അഫ്ഗാനിസ്ഥാന് വേണ്ടി അരങ്ങേറ്റം നടത്തിയത്. 2017ൽ നോയിഡയിൽ വെച്ച് അയർലണ്ടിനെതിരെ നേടിയ 90 റൺസായിരുന്നു ടി20 താരത്തിന്റെ ടോപ് സ്കോർ. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും മികച്ച പ്രകടനം പുറത്തെടുത്ത നജീബ് താരകായ് കഴിഞ്ഞ ഏപ്രിലിൽ ഡബിൾ സെഞ്ചുറി നേടുകയും ചെയ്തിരുന്നു.