ഡബ്യു.ടി. എ ടൂറിൽ റോം ഓപ്പണിൽ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി ഒന്നാം സീഡ് സിമോണ ഹാലപ്പ്. സീഡ് ചെയ്യാത്ത ഡയാനയെ നേരിട്ടുള്ള സെറ്റുകൾക്ക് ആയിരുന്നു റൊമാനിയൻ താരം മറികടന്നത്. 7-5 നു ആദ്യ സെറ്റ് നേടിയ ഹാലപ്പ് രണ്ടാം സെറ്റ് 6-4 നു നേടി അവസാന എട്ടിലെ പ്രവേശനം ഉറപ്പിച്ചു. സീഡ് ചെയ്യാത്ത റഷ്യൻ താരം അന്ന ബ്ലിങ്കോവയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് രണ്ടാം സീഡ് ചെക് റിപ്പബ്ലിക് താരം കരോളിന പ്ലിസ്കോവ മറികടന്നത്. 2 തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും 6-4, 6-3 എന്ന നേരിട്ടുള്ള സ്കോറിന് ആയിരുന്നു പ്ലിസ്കോവയുടെ ജയം. മറ്റൊരു റഷ്യൻ താരം ആയ സെറ്റലാനോയെ മറികടന്ന നാലാം സീഡ് എലീന സ്വിറ്റോലീനയും ക്വാർട്ടർ ഫൈനലിൽ എത്തി. ടൈബ്രേക്കറിലൂടെ ആദ്യ സെറ്റ് നേടിയ സ്വിറ്റോലീന രണ്ടാം സെറ്റ് 6-4 നു നേടിയാണ് അവസാന എട്ടിൽ എത്തിയത്.
അതേസമയം ഏഴാം സീഡ് ബ്രിട്ടീഷ് താരം യോഹാന കോന്റെയെ ഒമ്പതാം സീഡ് സ്പാനിഷ് താരം ഗബ്രിൻ മുഗുരുസ മറികടന്നു. 6-4, 6-1 എന്ന നേരിട്ടുള്ള സ്കോറിന് ആയിരുന്നു മുഗുരുസ ജയം കണ്ടത്. പത്താം സീഡ് എലീന റൈബകിനയും ടൂർണമെന്റിൽ നിന്നു പുറത്ത് ആയി. യൂലിയ പുറ്റിന്റ്സെവയോട് മൂന്നു സെറ്റ് പോരാട്ടത്തിൽ 6-4, 7-6, 6-2 എന്ന സ്കോറിന് ആണ് റൈബകിന തോൽവി വഴങ്ങിയത്. ഡാങ്ക കോവിനിച്ചിനെ 6-4, 6-4 എന്ന നേരിട്ടുള്ള സ്കോറിന് മറികടന്നു ആണ് 11 സീഡ് ആയ എൽസി മെർട്ടൻസ് ക്വാർട്ടർ ഫൈനലിൽ എത്തുന്നത്. മികച്ച തിരിച്ചു വരവ് നടത്തുന്ന വിക്ടോറിയ അസരങ്കയും റോമിൽ അവസാന എട്ടിൽ ഇടം നേടി. റഷ്യൻ താരം ഡാരിയ മത്സരത്തിനു ഇടയിൽ പിന്മാറിയതോടെയാണ് അസരങ്ക ക്വാർട്ടർ ഫൈനലിൽ എത്തിയത്.