കട്മത്ത് യാഹൂ സെവൻസ് സോക്കർ കപ്പിൽ മുഹമ്മദ് സലാഹ് തകർത്താടിയപ്പോൾ മുള്ളത്തിയാർ കിങ്സിന് എതിരെ വമ്പൻ ജയവുമായി മെഗാസ്റ്റാർ. മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്ക് ജയിച്ച മെഗാസ്റ്റാറിന് ആയി നാലു ഗോളുകളും സലാഹ് ആണ് കണ്ടത്തിയത്. ആദ്യ പകുതിയിൽ കരുത്തർ ആയ മെഗാസ്റ്റാറിനെ പൂട്ടാൻ ആയ മുള്ളത്തിയാറിന് മേൽ രണ്ടാം പകുതിയിൽ ഇടിമിന്നൽ ആയാണ് സലാഹ് അവതരിച്ചത്. രണ്ടാം പകുതിയിൽ 2 മിനിറ്റിനു ഇടയിൽ ഇരട്ട ഗോളുകൾ നേടി മെഗാസ്റ്റാറിനെ മുന്നിലെത്തിച്ച സലാഹ് 10 മിനിറ്റിനുള്ളിൽ തന്റെ ഹാട്രിക് പൂർത്തിയാക്കി. ടൂർണമെന്റിലെ ആദ്യ ഹാട്രിക് ആണ് ഇത്. തുടർന്ന് മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ അവസാന ഗോളും കണ്ടത്തിയ സലാഹ് മെഗാസ്റ്റാറിന്റെ ജയം പൂർത്തിയാക്കി. മാറക്കാനാ ഗ്രൂപ്പിൽ വലിയ ജയം മെഗാസ്റ്റാറിനു മുൻ തൂക്കം നൽകും.
അതേസമയം കരുത്തരായ ആന്ത്രോത്ത് ബ്ലാക്ക് ബെറി എഫ്.സിയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച പ്രകടനം ആണ് അൽസ സ്ട്രൈക്കേഴ്സ് നടത്തിയത്. കരുത്തരുടെ പോരാട്ടത്തിൽ കവരത്തി അൽ ബിയെ മറികടന്ന് ആത്മവിശ്വാസവും ആയി എത്തിയ ബ്ലാക്ക് ബെറി എഫ്.സിയെ പ്രതിരോധപ്പൂട്ട് ഇട്ട് പൂട്ടിയ അൽസ സ്ട്രൈക്കേഴ്സ് അപ്രതീക്ഷിത ജയം ആണ് സ്വന്തമാക്കിയത്. മത്സരത്തിൽ എല്ലാ നിലക്കും മുന്നിട്ട് നിന്ന ബ്ലാക്ക് ബെറി നിരവധി അവസരങ്ങൾ തുറന്നു എങ്കിലും ഗോൾ കണ്ടത്തുന്നതിലെ പിഴവ് അവർക്ക് വിനയായി. ബ്ലാക്ക് ബെറിയുടെ ഒരു ഷോട്ട് ഗോൾ ബാറിൽ തട്ടി മടങ്ങിയപ്പോൾ ലഭിച്ച സുവർണ അവസരങ്ങൾ അവർക്ക് മുതലാക്കാനും ആയില്ല. അതേസമയം ആദ്യ മത്സരത്തിൽ ജയം കണ്ട അൽസ സ്ട്രൈക്കേഴ്സ് എന്ത് വില കൊടുത്തും പ്രതിരോധിക്കാൻ ആയാണ് കളത്തിൽ ഇറങ്ങിയത്. ഒപ്പം പലപ്പോഴും പ്രത്യാക്രമണത്തിലൂടെ ബ്ലാക്ക് ബെറി എഫ്.സിയെ പരീക്ഷിക്കാനും അവർക്ക് ആയി. മത്സരത്തിലെ അധികസമയത്ത് പ്രത്യാക്രമണത്തിലൂടെ അബു ആണ് അൽസ സ്ട്രൈക്കേഴ്സിന്റെ വിജയഗോൾ നേടിയത്.
ബ്ലാക്ക് ബെറി എഫ്.സി പ്രതിരോധത്തിൽ ഉണ്ടായ ആശയക്കുഴപ്പം ആണ് അൽസ സ്ട്രൈക്കേഴ്സിന് ഗോൾ സമ്മാനിച്ചത്. കളിച്ച രണ്ടു കളികളിലും ജയിക്കാൻ ആയത് അൽസ സ്ട്രൈക്കേഴ്സിനെ അറീന ഗ്രൂപ്പിൽ മുന്നിലെത്തിക്കും. അതേസമയം ആൻഫീൾഡ് ഗ്രൂപ്പിലെ മെഗാ ജൂനിയർ, മെർലി കിങ്സ് മത്സരം സമനിലയിൽ അവസാനിച്ചു. ആദ്യ പകുതിയിൽ ഹസ്സൻ നേടിയ അതുഗ്രൻ സോളോ ഗോളിലൂടെ മുന്നിലെത്തിയ മെഗാ ജൂനിയേഴ്സിന് രണ്ടാം പകുതിയിൽ ശർഷാദിലൂടെ മെർലി കിങ്സ് മറുപടി പറയുകയായിരുന്നു. പിന്നീട് വിജയഗോൾ നേടാൻ ഇരു ടീമുകളും പരിശ്രമിച്ചു എങ്കിലും മത്സരം 1-1 നു സമനിലയിൽ കലാശിക്കുക ആയിരുന്നു. മോശം കാലാവസ്ഥ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നു എങ്കിലും മത്സരങ്ങൾ തുടർ ദിവസങ്ങളിൽ നന്നായി നടത്താൻ ആവും എന്നാണ് ടൂർണമെന്റ് കമ്മിറ്റി പ്രതീക്ഷിക്കുന്നത്.