മൂന്ന് ശതകങ്ങള്‍ക്ക് ശേഷം മൂന്ന് പരാജയങ്ങള്‍, ഷാന്‍ മസൂദിനെ ജെയിംസ് ആന്‍ഡേഴ്സണ്‍ പുറത്താക്കുന്നത് എട്ടാം തവണ

Sports Correspondent

ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുമ്പ് തന്റെ അവസാന രണ്ട് ഇന്നിംഗ്സുകളില്‍ പാക് ഓപ്പണര്‍ ഷാന്‍ മസൂദ് രണ്ട് ശതകങ്ങളാണ് നേടിയത്. 135, 100 എന്നീ സ്കോറുകള്‍ നേടിയ താരം മാഞ്ചസ്റ്ററിലെ ഈ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ 156 റണ്‍സാണ് നേടിയത്. പാക്കിസ്ഥാന് വിജയ പ്രതീക്ഷയായി മാറിയ ആ ഇന്നിംഗ്സിന് ശേഷം താരം ഇതുവരെ 5 റണ്‍സിന് മേലുള്ള സ്കോര്‍ നേടിയിട്ടില്ല എന്നതാണ് ഏറ്റവും ദുഃഖകരമായ കാര്യം.

മാഞ്ചസ്റ്റിലെ രണ്ടാം ഇന്നിംഗ്സില്‍ പൂജ്യത്തിന് പുറത്തായ താരം പിന്നീട് സൗത്താംപ്ടണില്‍ മഴ കാരണം ആകെ നടന്ന ഒരു ഇന്നിംഗ്സില്‍ ഒരു റണ്‍സാണ് നേടിയത്. സൗത്താംപ്ടണിലെ മൂന്നാം ടെസ്റ്റില്‍ താരം നേടിയതാകട്ടെ 4 റണ്‍സും. ഇംഗ്ലണ്ടിനെതിരെ ഷാന്‍ മസൂദിന്റെ 12ാമത്തെ ഇന്നിംഗ്സായിരുന്നു ഇന്നത്തേത്. അതില്‍ തന്നെ 8 തവണ താരത്തെ പുറത്താക്കിയത് ജെയിംസ് ആന്‍ഡേഴ്സണ്‍ ആണ്.