യുകെയിലേക്കുള്ള ട്രാന്‍സിറ്റ് വിസ ലഭിയ്ക്കാത്തതിനെത്തുടര്‍ന്ന് അഫ്ഗാന്‍ താരങ്ങളായ ഖൈസ് അഹമ്മദ്, റഹ്മാനുള്ള ഗുര്‍ബാസ്, 15 വയസ്സുകാരന്‍ നൂര്‍ അഹമ്മദ് എന്നിവര്‍ക്ക് ഈ മാസം അവസാനത്തോടെ നടക്കുന്ന കരീബിയന്‍ പ്രീമിയര്‍ ലീഗ് നഷ്ടമാകും. ഇതില്‍ ഖൈസ് ഗയാന ആമസോണ്‍ വാരിയേഴ്സിനും ഗുര്‍ബാസ് ബാര്‍ബഡോസ് ട്രിഡന്റിനും നൂര്‍ അഹമ്മദ് സെയിന്റ് ലൂസിയ സൗക്ക്സിനും വേണ്ടിയായിരുന്നു കളിക്കേണ്ടിയിരുന്നത്.
ട്രിനിഡാഡ് & ടൊബാഗോ അതിര്‍ത്തികള്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ ചാര്‍ട്ടേര്‍ഡ് ഫ്ലൈറ്റ് വഴിയാണ് കരീബിയന്‍ പ്രീമിയര്‍ ലീഗിലെ താരങ്ങളെ എത്തിക്കുവാന്‍ ടൂര്‍ണ്ണമെന്റ് അധികാരികള്‍ക്ക് അനുവാദം നല്‍കിയിരുന്നു. അതിനുള്ള തീയ്യതികളും നല്‍കിയെങ്കിലും ആ നിശ്ചിത സമയത്തിനുള്ള താരങ്ങളെ എത്തിക്കുവാന്‍ സാധിച്ചില്ല.
ഓഗസ്റ്റ് 1ന് ട്രിനിഡാഡില്‍ എത്തിയാല്‍ മാത്രമേ ടൂര്‍ണ്ണമെന്റിന് മുമ്പ് 14 ദിവസത്തെ ക്വാറന്റീന് താരങ്ങള്‍ക്ക് വിധേയമാകുമായിരുന്നുള്ളു. ചാര്‍ട്ടേര്‍ഡ് ഫ്ലൈറ്റ് കയറുന്നതിനാവശ്യമായ യുകെ ട്രാന്‍സിറ്റ് വിസയാണ് താരങ്ങള്‍ക്ക് ലഭിക്കാതിരുന്നത്. ഇതിനെ തുടര്‍ന്ന് മികച്ച അവസരമാണ് ഈ യുവ താരങ്ങള്‍ക്ക് നഷ്ടമാകുന്നത്.
ഇതില്‍ ഖൈസ് അടുത്ത് മാത്രം 20 വയസ്സ് തികയാന്‍ പോകുന്ന താരമായിരുന്നു. ഗുര്‍ബാസിന് 18 വയസ്സും നൂര്‍ അഹമ്മദ് വെറും 15 വയസ്സുമുള്ള താരമാണ്.